Wednesday, April 16, 2014

മഴവിൽ വലകൾ നെയ്യുന്ന ചിലന്തികൾ

മഴവിൽ വലകൾ നെയ്യുന്ന ചിലന്തികൾ 
റേഷന്‍ കടയുടെ മുമ്പില്‍ വെളുത്ത പേപ്പറില്‍ പേന കൊണ്ട് എഴുതി ഒട്ടിച്ച് വച്ച ഒരു ബോര്‍ഡാണ് ആദ്യം കണ്ടത്. പിന്നെ ആ ബോര്‍ഡ് ചായക്കടയിലും പുതുതായ് തുടങ്ങിയ റസ് രോറന്‍ റിലും ആമിനത്തയുടെ ഇടിഞ്ഞ് വീഴാറായ കച്ചോടം നരച്ചു പോയ പെട്ടിക്കടയിലും ചര്‍ച്ചയായി.
ആമിനത്ത ഇപ്പോള്‍ രാവിലത്തെ കട്ടന്‍ ചായ കുടിക്കുന്നത് നിര്‍ത്തി  നല്ല സൊയമ്പന്‍ പാല്‍ച്ചായ ആസ്വദിക്കുന്നത് കുഞ്ഞൂട്ട്യാലിയുടെ മൊഞ്ചത്തിറസ് റ്റോറന്‍ റില്‍ നിന്നാണ്.  
 ദുബായില്‍ ആടുകളെ മേയ്ക്കലയായിരുന്നു കുഞ്ഞൂട്ട്യാലിയുടെ മൂത്തമോന്‍ റഷീദിനെന്ന് പലരും പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കുമ്പോള്‍ തന്നെ..
“. ഇല്ലാവചനം പറയുന്നോന്‍ റെ മോത്ത് ഞാന്‍ ചൂടുവെള്ളമൊഴിക്കും.. പറഞ്ഞേക്കാം "
 കുഞ്ഞൂട്ട്യാലി ഇലക്ട്രിക് കെറ്റലിലെ ചൂടായിക്കൊണ്ടിരിക്കുന്ന വെള്ളത്തേക്കാളും ചൂടായിക്കൊണ്ട് തിളച്ച് മറിയും..
ചിലപ്പോള്‍ പഴയ ചില ചങ്ങായിമാര്‍ തമാശക്കെന്നോണം പറയുന്നത്
“കുഞ്ഞൂട്ട്യാലീ.. ന്നാ പ്പിന്നെ ആട്ടിന്‍ പാല്‍ നല്ലോണം ഒഴിച്ചൊരു ചായ എടുത്തോളീ“
എന്നാണ്.
അങ്ങിനെ എല്ലാ നേരവും ചൂടാകാനൊന്നും അദ്ദേഹം നില്‍ക്കില്ല മൊഞ്ചത്തി റെ സ് റ്റോറന് റിന്‍ മുമ്പിലെ തിളങ്ങുന്ന ബോര്‍ഡ് നോക്കി സങ്കടപ്പെടുക മാത്രമേ ഉള്ളൂ  .
“ ഓന്‍ റെ ഒരു കത്ത് വന്നിട്ട് കാലം മറന്നു.. ഇപ്പോ എല്ലാം മൊബൈലിലല്ലേ.. “
സമാധാനിക്കും. മോന്‍ റെ വിളി വന്നിട്ട് മാസങ്ങളായീന്ന് ആരോടും പറയാന്‍ കുഞ്ഞൂട്ട്യാലി തയ്യാറല്ല. കാലം അങ്ങിനെ പോകുന്ന പോക്കില്‍ ഉപ്പയെയും ഉമ്മയേയും ഓന്‍ മറന്നു കാണുമെന്നും കുഞ്ഞൂട്ട്യാലി ആരോടും പറയില്ല.
                 "ന്നാലും ഓന്‍ റെ ‘മുത്തിനെ’ യൊന്ന് കാണിക്കാന്‍ കൂടി വന്നില്ലല്ലൊ..
                   കൊല്ലം രണ്ട് കഴിഞ്ഞിട്ടും :."
 ആരും കാണാതെ അയാള്‍ ചുമലിലെ കറവീണ തോര്‍ത്ത് കൊണ്ട് കണ്ണുകളൊപ്പി ചിരിക്കും.  
 എന്നാലും കുമാരന്‍ ഇതെവിടെ പോയിന്റെ ബദരീങ്ങളേ..എന്ന് ആമിനത്ത പറഞ്ഞു കൊണ്ടാണ് ചര്‍ച്ച തുടങ്ങി വച്ചത്.  അടഞ്ഞു കിടക്കുന്ന  റേഷന്‍ കടയുടെ ജനവാതിലില്‍  ചിലരൊക്കെ  തട്ടി വിളിക്കാനും ആ തട്ടി വിളിക്കലിനെ നിനക്കൊന്നും ബേറെ പണിയില്ലേടാ.. അടച്ചിരിക്കുന്ന റേഷന്‍ പീട്യേലെവിടെയാടാ കുമാരേട്ടനിരിക്കുന്നത്പറഞ്ഞ് കളിയാക്കാനും ഒരു കൂട്ടരുണ്ടാ‍ായി.
സാധാരണ രാത്രി ഏഴര വരെ റേഷന്‍ കട തുറന്ന്‍ പ്രവര്‍ത്തിക്കാറുണ്ട്. തലേ രാത്രിയില്‍ മടക്കി കൊണ്ടു പോയ മണ്ണെണ്ണ ടിന്നും പൊക്കിപിടിച്ചാണ് അമ്പുവേട്ടന്‍ വന്നത്. എന്നിരിക്കലും താന്‍ രാത്രി അവസാനത്തെ അടയ്ക്കുന്നതിനു മുമ്പുള്ള ഒരു രൂപയുടെ റേഷനരിയും വാങ്ങിച്ചാണ് വീട്ടിലേക്ക് പോയതെന്ന് അമ്പുവേട്ടന്‍ ആരോടും പറഞ്ഞില്ല.
 “ന്താ കുമാരാ വീട്ടില്‍ പോകാറായില്ലേ നിക്ക്” എന്ന ചോദ്യത്തിന്  കുറച്ചു കൂടെ സമയം ഇരിക്കട്ടെ അമ്പുവേട്ടാ...എത്രകാലം ഇങ്ങനെ ഇരിക്കാന്‍ പറ്റുമെന്ന് അറിയില്ലല്ലൊ. ‍..  എന്ന എടങ്ങേറു പിടിച്ച മറുപടിയില്അന്നേരം ഒന്നും തോന്നിയില്ലല്ലോന്ന് അമ്പുവേട്ട്ന് മനസ്സിലോര്ത്തു.
ഇനി താന്‍ പോയിക്കഴിഞ്ഞ ശേഷം ആരെങ്കിലും വന്നിരിക്കുമൊ...അങ്ങിനെ വന്ന ആരെങ്കിലും കുമാരനെ എങ്ങോട്ടെങ്കിലും കൊണ്ടു പോയതാകുമൊ... അയാളുടെ സംശയം ആ വഴിക്ക് തിരിഞ്ഞ് സഞ്ചരിക്കാന്‍ തുടങ്ങി.
ഇന്ന് മുതല്‍ റേഷന്‍ കട തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല  എന്ന ബോര്‍ഡ് എന്തോ ചില കഥകള്‍
പറയുന്നുണ്ടെന്ന് തോന്നിയതു കൊണ്ടാവണം ഒരു ഡിറ്റക്ടീവിന്‍റെ കൌശലത്തോടെ കൂട്ടത്തിലൊരാള്‍  ഒട്ടിച്ച് വച്ച പേപ്പറും പശയും എത്രമാത്രം ഒട്ടിക്കിടക്കുന്നുവെന്ന് നോക്കി കൊണ്ട്

ഇതിന് ഒരു രാത്രിയുടെ പ്രായമുണ്ട് . ഒരു വിശ്വാസ്യതയ്ക്കെന്നോണം അയാള്‍ വീണ്ടും പറഞ്ഞു  ദാ.. ഇളകിപ്പോയ പേപ്പറില്‍ ഒട്ടിച്ച പശയുടേ ഒട്ടല്‍ കിടപ്പുണ്ട് .
ഇളകിപ്പോയ കടലാസു കഷണത്തിന്‍ നിന്ന്  അയാളുടെ കൈവിരലുകളിലൊരു തണുപ്പ് അരിച്ച് കടന്നു പോയതു പോലെ തോന്നിയെങ്കിലും അയാള്‍ ഒന്നും മിണ്ടിയില്ല. ഇന്നുമുതല്‍ എന്നെഴുതിയത് മറ്റെന്തോ ആലോചിച്ചപ്പോള്‍ പറ്റിയ ഒരു തെറ്റാകാം. ഇന്ന് റേഷന്‍ കട പ്രവര്‍ത്തിക്കുന്നതല്ലഎന്നാവും ഉദ്ദേശിച്ചതെന്ന് ആരോ പറഞ്ഞപ്പോള്‍ അതിനോടൊന്നും പ്രതികരിക്കാതെ റേഷന്‍ കടയുടെ മുന്നില്‍ ആളുകള്‍ തടിച്ച് കൂടിക്കഴിഞ്ഞിരുന്നു.  ചിലര്‍ റേഷന്‍ കടയുടെ മുന്നിലെ ഒഴിഞ്ഞ് കിടക്കുന്ന മണ്ണെണ്ണ ബാരലിനു മുകളില്‍ കയറി ഇരുന്നു പുകയ്ക്കുകയും ആരെയോ പ്രതീക്ഷിച്ചെട്ടെന്നോണം കാത്തിരിക്കുകയും ചെയ്യുകയാണ്.  
റേഷന്‍ കടയില്‍ അരിയൊ മണ്ണണ്ണയൊ ഇല്ലാതായിട്ട് നാളുകളേറെ ആയെങ്കിലും കുമാരന്റെ തിരോധാനം ആളുകളെ അവിടേക്ക് വീണ്ടും അടുപ്പിച്ചു.
പ്രായമുള്ളയൊരാള്‍ സിഗരറ്റ് പുകയ്ക്കുന്ന ചെറുപ്പക്കാരനെ
മണ്ണെണ്ണ ബാരലിനടുത്തു നിന്നാണോടാ സിഗരറ്റ് വലിക്കുന്നതെന്ന് "
ആരൊക്കെയോ ശാസിക്കുന്നുണ്ട്.
മച്ചാനേ ഇതൊക്കെ കാലി ബാരലുകളല്ലേ.. ഇതിലെവിടെ മണ്ണെണ്ണ..
എങ്കിലും ആ ചെറുപ്പക്കാരന്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് പതിവില്‍ കൂടുതല്‍ ഗൌരവത്തോടെ എല്ലാവരുടെയും ചര്‍ച്ചകളിലെക്ക്ക്ക് തന്‍ റെതായ സംഭവാന നല്‍ക്കാന്‍ നുഴഞ്ഞു കയറി.
കൂട്ടം കൂടിയവരില്‍ ചിലര്‍ കുമാരേട്ടന്‍റെ വീട്ടിലേക്ക് പോയി അന്വേഷിക്കാം എന്ന് തീരുമാനമെടുത്ത്  നടന്നു കഴിഞ്ഞിരുന്നു.
ചിലരപ്പോള്‍ പരസ്പരം ചോദിച്ചത്
ഈ കുമാരേട്ടന്‍ റേഷന്‍ കട അടച്ചിട്ട് നാളെ മുതല്‍ എന്ത് പണിക്കു പോകുമെന്നാണ്". 
സത്യത്തില്‍ അതൊരു നല്ല ആലോചനയായിരുന്നു. കൂട്ടങ്ങള്‍ പതിയെ പിരിഞ്ഞ് പോകാന്‍ തുടങ്ങിയെങ്കിലും തലേന്ന് റേഷന്‍ കടയിലെ അവസാനത്തെ യാത്രക്കാരനായ അമ്പുവേട്ടന്‍ പരിക്ഷീണനായിരുന്നു. പോലീസ് അന്വേഷണം വരുമ്പോള്‍ തീര്‍ച്ചയായും തന്‍ റെയടുത്തും വന്ന് പലതും ചോദിക്കും.  എന്തായാലും കുമാരന്റെ ഭാര്യ പത്മാവതിയെ ഒന്ന് കാണുകതന്നെയെന്നുറച്ച് അയാള്‍ യുവധാര ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്ബിന്‍റെ വഴിയിലൂടെ നടക്കാന്‍ തുടങ്ങി. യുവധാര ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്ബും  കാലം പോലെ തന്നെ മാറി. ഓണത്തിനും വിഷുവിനും തുടങ്ങിയ ചെറിയ ക്ലബ്ബ് ഇന്ന് വളര്‍ന്ന് പന്തലിച്ചു. പ്രോഗ്രാം നടത്തുന്നതിന് ക്ലബ്ബ് മെമ്പര്‍ മാരൊന്നും ആവശ്യമേ ഇല്ല.  എല്ലാം ഏജന്‍സികളെ ഏല്പിച്ച് ഭാരവാഹികളും മറ്റ് അംഗങ്ങളും കൈയ്യും കെട്ടി നില്‍ക്കുക മാത്രമേ വേണ്ടൂ. കാലം പോയ പോക്ക് നോക്കീക്കേന്ന് അമ്പുവേട്ടന്‍ വെറുതെ മനസ്സില്‍ പറയുകയും ചെയ്തു.
 റേഷന്‍ ഷോപ്പ് കുമാരന്റെ പൂട്ടിക്കിടക്കുന്ന് വീടിനു മുമ്പില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിട്ടുണ്ടായിരുന്നു. അവിടിവിടങ്ങളില്‍ ഉറുമ്പിന്‍ കൂടു പോലെ കൊച്ചു കൊച്ചു കൂട്ടങ്ങള്‍ സംസാരിച്ചിരിക്കുന്നു. മരിച്ച വീട്ടിലെത്തിയ തു പോലെ. മൃത ദേഹം എവിടെ കിടത്തണം, ആരൊക്കെയാണ് ചടങ്ങുകള്‍ക്ക് കൂടെ നില്‍ക്കുന്നത്, അടുത്ത ബന്ധുക്കളാരൊക്കെ, ബലി ഇടാനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നതിനു മുമ്പുള്ള കര്‍മ്മങ്ങളെന്തൊക്കെ എന്നു തുടങ്ങി വടക്കു വശത്ത് മാവ് വെട്ടുന്നതിന്‍ റെ കാര്യം വരെ സംസാരമധ്യ വരുന്നുണ്ടെങ്കിലും അവിടെയെങ്ങും കുമാരനെയൊ കുടുംബത്തെയൊ കാണാന്‍ കഴിഞ്ഞില്ല.
അയല്‍ പക്കത്തുള്ളവരൊക്കെ പറഞ്ഞത് പത്മാവതിയും കുട്ടികളും ഇവിടെ നിന്ന് അവളുടെ ആങ്ങളയുടെ വീട്ടിലേക്ക് താമസം മാ‍റ്റിയിട്ട് മാസങ്ങളായി എന്നാണ്. കൃത്യമായ് പറഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകകളുടെ ചില്ലറവ്യാപാരത്തെ പാര്‍ലിമെന്‍ ററില്‍ സര്‍വാതമനാ അംഗീകരിച്ചതിന്‍റെ പിറ്റേന്ന് പോയതാണ്. അത് പറഞ്ഞയാളെ അമ്പുവേട്ടന്‍ ശ്രദ്ധിച്ചു. സ്ഥലത്തെ പ്രധാന പാര്‍ട്ടിപ്രവര്‍ത്തകനായ വീരമണി മാഷിന്‍റെ ഭാര്യയായിരുന്നു.
കുമാരന് അങ്ങിനെ പാര്‍ട്ടി പ്രവര്‍ത്തനമൊന്നും ഉണ്ടായിരുന്നില്ല. കൃത്യസമയത്ത് റേഷന്‍ ഷോപ്പിലെത്തും അതു പോലെ വൈകുന്നേരം കുറച്ച് അധിക നേരമിരിക്കാനും ആളുകള്‍ക്ക് സാധനങ്ങള്‍ എടുത്ത് കൊടുക്കുന്നതിനും ഉത്സാഹിയായ ചെറുപ്പക്കാരനായിരുന്നു. പറഞ്ഞിട്ടെന്താ.... സര്‍ക്കാറുകളുടെ മാറ്റങ്ങള്‍, ആഗോളീകരണത്തിന്‍ റെ പുതിയ വേഷംകെട്ടലുകള്‍... റേഷന്‍ സമ്പ്രദായം തന്നെ ഇല്ലാതാക്കുന്ന ഭരണ പരിഷ്കാരങ്ങള്‍.. ഇങ്ങനെ പോയാല്‍  ഈ റേഷന്‍ ഷോപ്പ് പോയിട്ട് ഞാന്‍ തന്നെ ഇല്ലാണ്ടാകുമല്ലോ ദൈവമേന്ന് ഒന്നിലധികം പേരോട് കൂമാരന്‍ പറഞ്ഞിട്ടുണ്ട് പലപ്പോഴായ്. കാരണം മറ്റൊന്നുമല്ല...
വിലക്കയറ്റം..കരിഞ്ചന്തയിലെ അതേ വിലയ്ക്ക് ഈ നാറ്റമുള്ള അരി വാങ്ങാന്‍ അത്താഴ പട്ടിണിക്കാരല്ലാതെ ആരു വരാന്‍...വേറെ ചിലര്‍ വരുന്നത് പഞ്ചസാര വാങ്ങിക്കാനായിരുന്നു. ആളൊന്നിന് രണ്ട് കിലോ പഞ്ചസാര എന്നത് കുറച്ച് കുറച്ച് ഇപ്പൊ കാര്‍ഡൊന്നിന് രണ്ട് കിലോ വരെ ആയി...അതാണെങ്കില്‍ മുഴുവന്‍ പേര്‍ക്കും തികയാനുള്ള സ്റ്റോക്ക് തരികയുമില്ല. മറ്റൊന്ന് മണ്ണെണ്ണ.. അതിന്‍ റെ കാര്യവും പറയാനില്ല. കുമാരന്‍ റെ ആവലാതികള്‍ അങ്ങിനെ നിറഞ്ഞ് നിറഞ്ഞ് നാറിയ പുഴുക്കലരിക്കും ഇല്ലാത്ത പഞ്ചസാരയ്ക്കും ഉണങ്ങിപ്പോയ മണ്ണെണ്ണ ബാരലുകള്‍ക്കും ഇടയില്‍ പൊട്ടിപ്പോയതാകണമെന്നുറച്ച് അമ്പുവേട്ടന്‍ ഒരു അവസാന വട്ട ചിന്തയിലേക്ക് തിരിയാന്‍ തുടങ്ങി.
കുമാരന്‍ റെ തിരോധാനം പട്ടിചത്തതുപോലെ ഒരു ദിവസം കൊണ്ട് തീരുന്നുവെന്ന്
മനസ്സിലാക്കിയിത് കൊണ്ട് തന്നെ അമ്പുവേട്ടനും പോലീസു കാര്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയുടെ കാലത്തെ വീട്ടില്‍ കേറിയുള്ള തിരച്ചിലും അടിയും ഇടിയും കണ്ടവനെ പിടിച്ചുള്ള തൊലി ഉരിയലുമൊക്കെയുള്ള അടിയന്തിരാവസ്ഥാ പേടി മനസ്സില്‍ നിന്നെടുത്തു കളഞ്ഞു. അപ്പൊഴേക്കും മണ്ണെണ്ണ ബാരലിന്റെ കീഴെ തണുപ്പിനു കൊള്ളാന്‍ വേണ്ടി മാത്രം ഒരു പൂച്ചയും ഒരു പട്ടിയും സുഹൃത്തുക്കളായ് മാറിക്കഴിഞ്ഞിരുന്നു.
 പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.  റേഷന്‍  കട എന്ന കറുത്ത അക്ഷരത്തിലെഴുതിയ മഞ്ഞ ബോര്‍ഡിനു പകരം കൂറ്റന്‍ നിയോണ്‍ ബോര്‍ഡ് വന്നു.
മോര്‍ (MORE)  ഇംഗ്ലീഷിലും മലയാളത്തിലും നിരവധി വര്‍ണ്ണങ്ങളോടെ ഓടിപ്പാഞ്ഞു തുടങ്ങി. റേഷന്‍ കടയ്ക്ക് മതിലും മതിലിനു മുമ്പില്‍ പാറാവുകാരനും പ്രത്യക്ഷപ്പെട്ടു. 

മൊഞ്ചത്തി റസ് റോറന്‍ റില്‍ ചായ കുടിക്കാനെത്തിയ ആമിനത്തയും, കുഞ്ഞമ്പു നായരും 
വീരമണിമാഷും അങ്ങിനെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു
നമ്മുടെ നാടും പുരോഗമിച്ചു... ദാ കണ്ടില്ലേ..
പച്ചക്കറിക്കൊക്കെ ഇത്തിരി വിലക്കൂടുതലയാലെന്താ....ആ പകിട്ടും പത്രാസും ഒന്ന് വേറെ
തന്നെ.....
സൊസേറ്റീന്ന് വാങ്ങിക്കുന്ന വെള്ളം പോലെത്തെ പാലൊന്നുമല്ല അവിടെ....
മൊഞ്ചത്തി റെസ് റ്റോറന്റിലെ കുഞ്ഞൂട്ട്യാലി പറഞ്ഞു.
സാധാരണ ഏക്കം ഗോവിന്ദന്‍ റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന കുഞ്ഞമ്പു നായര്‍ മോറില്‍ പച്ചക്കറി വാങ്ങാനായ് പോയ്
ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാന്‍ നിരത്തി വച്ചിട്ടുണ്ടെങ്കിലും സെയിത്സ് ഗേള്‍സ് അദ്ദേഹത്തെ നന്നായി സഹായിച്ചു. ഇടയ്ക്കിടെ സാര്‍ .. ഇതും കൂടി എടുക്കട്ടെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞമ്പു നായര്‍ “ആയിക്കോട്ടെ” ന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു.  ആ സാര്‍ വിളിയില്‍  കുറച്ചധികം സാധനം വാങ്ങിച്ചെങ്കിലും സാരമില്ലെന്ന് സമാധാനിക്കാന്‍ കുഞ്ഞമ്പുനായര്‍ക്ക് സാധിച്ചു.
 പത്താം ക്ലാസ്സില്‍ മൂന്ന് തവണ തോറ്റ് ഇപ്പോള്‍ മെഡിക്കല്‍ റെപ്പായി കറങ്ങി നടക്കുന്ന  സുകുമാരന്‍ കഴിഞ്ഞ ദിവസം  മൂഡ്സ്ന്‍ റെ പാക്കറ്റ് വാങ്ങാന്‍ പോയപ്പോള്‍ ഒരു കള്ളച്ചിരിയോടെ സെയിത്സ് ഗേള്‍സ് തന്നെയും സാര്‍ എന്നാണ് സംബോധന ചെയ്തതെന്ന് ആരോടും പറഞ്ഞില്ല. ആ വിളിയില്‍ ഒരു ആഫറ്റര്‍ ഷെവിങ്ങ് ലോഷനും കൂടി വാങ്ങിയതും വീട്ടിലെത്തിയപ്പോള്‍ ഭാര്യ ആഫറ്റര്‍ ഷെഫിങ്ങിന്‍ ലോഷന്‍ റെ മദിപ്പിക്കുന്ന പുരുഷ ഗന്ധമുണര്‍ന്നപ്പോള്‍  ഏട്ടാ ഇപ്പോ ശരിക്കും ഒരു മമ്മൂട്ടി ലുക്ക് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവളെ എടുത്ത് പൊക്കിയതും
പിന്നെ ചെറുതായൊന്ന് നടു വിലങ്ങിയതും കട്ടനടിക്കുമ്പോള്‍ ചിരിയോടെ ഓര്‍ത്തു.
പാറാവുകാരനെ മറികടന്ന് സൂപ്പര്‍ മാര്‍ക്കറ്റിന്‍ റെ ഉള്ളിലേക്ക് കടന്നപ്പോള്‍ കറുത്ത കണ്ണാടി ഗ്ലാസ്സിനകത്തെക്ക് തല എത്തിച്ച് നോക്കി. ചില്ലുഗ്ലാസ്സ്നപ്പുറത്തെ കറങ്ങുന്ന കസേരയില്‍ കുമാരന്‍…!!.റേഷന്‍ ഷോപ്പ് കുമാരന്‍.!!!
വീരമണി മാഷ് കണ്ണടയെടുത്ത് ഒന്നു കൂടെ തുടച്ച് നോക്കി.
കുമാരാ.. ..
നീട്ടി വിളിച്ചെങ്കിലും ചില്ലു ഗ്ലാസ്സിനകത്തായതു കൊണ്ട് അയാളത് കേട്ടില്ല.
റേഷന്‍ ഷോപ്പ് എന്ന ജനകീയ സ്ഥാപനത്തെ വിട്ട് കോര്‍പ്പറേറ്റ് സ്ഥാപനത്തിലെത്തിയപ്പോള്‍ കുമാരനും മാറി..
ഒന്ന് രണ്ട് പ്രാവശ്യം കുമാരനെ വിളിച്ചെങ്കിലും കുമാരന്‍ ഇറങ്ങി വരികയോ കേട്ടതായ് ഭാവിക്കുകയൊ ചെയ്തില്ല. റേഷന്‍ ഷോപ്പ് കുമാരന്‍ ഇപ്പോള്‍ മോര്‍ കുമാരന്‍.. !
വീരമണി മാഷിന് ചിരിവന്നു.  അപ്പോഴെക്കൂം കസ്റ്റമേഴ്സ് ഹെല്പര്‍ വന്ന് വീരമണി മാഷിനെ പച്ചക്കറികളും മറ്റും വച്ചിരിന്ന ഷോപ്പിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. എന്നാലും കുമാരനു ചുറ്റും കറുത്ത ഗ്ലാസ്സ് ഭിത്തികള്‍ നിറഞ്ഞു നില്‍ക്കുന്നത് വീരമണി മാഷിന് ഭയം തോന്നിച്ചു.    ഓരോ മനുഷ്യരുടെ ചുറ്റിലും കറുത്ത ഭിത്തികള്‍ ഉയര്‍ന്നു തുടങ്ങുന്നുവെന്ന് വീരമണി മാഷ് തോന്നി.  ഭയത്തോടെ, എന്നാല്‍ ഏറെ വിഷമത്തോടെ വീരമണി മാഷ് പുറത്തിറങ്ങി പാറാവു കാരനെ മറികടന്ന് നടക്കുമ്പോള്‍ റോഡിനെതിര്‍വശത്ത് കറുത്ത അക്ഷരങ്ങള്‍ തുരുമ്പിച്ച മഞ്ഞ ബോര്‍ഡ് ആദ്ദേഹത്തെ തന്നെ ദയനീയമായ് നോക്കുന്നതായ് അയാള്‍ക്ക് തോന്നി.
മഞ്ഞ ബോര്‍ഡിനടുത്ത് കിടന്നിരുന്ന പട്ടിക്കും പൂച്ചയ്ക്കും ഇടയിലുള്ള ഭിത്തിക്കും അലങ്കാര ബോര്‍ഡിനും ഇടയില്‍ വലകെട്ടി ജീവിച്ച് തുടങ്ങിയ ചിലന്തികൾ അവര്‍ക്ക് മീതെ മഴവില്‍ വര്‍ണ്ണങ്ങളില്‍ നൂതനമായ വലകൾ നെയ്യാന്‍ ആരംഭിച്ചിരുന്നു.
 --------------------------------------------- ശുഭം --------------------------------------------------------