Wednesday, January 25, 2017

രാമനാഥന്‍റെ ജോലി സാധ്യതകള്‍

 കഥ  
 രാമനാഥന്‍റെ ജോലി സാധ്യതകള്‍ 
രാജു ഇരിങ്ങല്‍  

 വിചാരിച്ചതു പോലെയൊന്നും നടന്നില്ലെന്ന് കരുതി മനുഷ്യന് ചാവാനൊന്നും പറ്റില്ലല്ലൊ. അല്ലെങ്കിലും അത്രയ്ക്കൊന്നും പ്രതീക്ഷിക്കരുതായിരുന്നു.  എല്ലാം ശരിയാകുമെന്നല്ലേ അന്നേ കരുതിയത്. എവിടെ ശരിയാവാന്‍. രാമനാഥന്‍ ചായക്കടയിലിരുന്നു  അന്നത്തെ പത്രം കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.  എന്നിട്ട്  നീ നാളത്തന്നെ പോക്യാണൊ രാമാ”  കേളുവേട്ടന്‍  ഉടുത്ത മുണ്ടില്‍ കൈ തുടച്ചു കൊണ്ട് ചോദിച്ചു. അല്ലാതെ പിന്നെ ഞാനെന്തായാലും മന്ത്രീടെ ബന്ധുവൊന്നുമല്ലല്ലോ കേളുവേട്ടാ.. അതുവഴിയപ്പോള്‍ ഒരു  സമര ജാഥ  കടന്നു പോവുകയായിരുന്നു.  അവരൊക്കെയും തൂവെള്ള വസ്ത്രങ്ങളണിഞ്ഞ് അതിരാവിലെ സമരപ്പന്തലിലേക്ക് യാത്രയാവുകയാണെന്ന് രാമനാഥനറിയാം. ഒരു പക്ഷെ നാളെ ഹര്‍ത്താലുമായേക്കാം. രാമനാഥന്റെ ചിന്ത കാടുകയറാന്‍ തുടങ്ങുന്നു.  ഒരു നിമിഷം വായനക്കാരുടെ വായനയെയും കാലത്തെയും  ഇവിടെ വച്ച്  ഫ്രീസ് ചെയ്ത് കൊണ്ട് കേരളത്തിലെ ഇടതു പക്ഷ മന്ത്രി സഭ ഇത്തവണ അധികാരമേല്‍ക്കും മുമ്പുള്ള കുറച്ച് ദിവസങ്ങളിലേക്ക് പോവുകയാണ്.  

ഒന്ന്

 രാത്രിയുടെ നിശ്ചലതയില്‍ ചിന്തകളുടെ പുറംതോട് പൊട്ടിച്ച് ജിമെയില്‍ ബോക്സില്‍ നിന്നും “Resignation” എന്ന സന്ദേശം കമ്പനിയിലെ ലെറ്റര്‍ ബോക്സിലേക്ക്ക്ക് ക്ലിക്ക് ചെയ്യാന്‍ മൌസ്സിന്‍റെ ഇടതുവശത്തെ ബട്ടനില്‍  വിരലമര്‍ക്കുന്നതിന്‍റെ അവസാനത്തെ നിമിഷം രാമനാഥനെ വിമല തടഞ്ഞു.
വേണ്ട..മറ്റൊന്ന്കിട്ടുംവരെ ഒരു രാജി.. അത് നൂല്‍പാലത്തിലൂടെയുള്ള നടത്തമായിരിക്കും.  അടുത്താഴ്ച കുട്ടികളുടെ ഫീസ് കൊടുക്കാനുള്ളതാണ്.  മാത്രവുമല്ല മക്കളുടെ രണ്ടാളുടേയും പിറന്നാള്‍ അടുത്തമാസമാണ്. എത്ര കുറച്ചാലും അതിനും വേണം നല്ലൊരു തുക. അതുകൂടാതെ എല്‍ ഐ സിയുടെ പ്രീമിയം അടക്കാനുള്ളത് അതിനു തൊട്ടടുത്തമാസമാണ്.
വിമലാ രാമനാഥന്‍ കണക്കുകളുടെ കെട്ടഴിച്ച് തുടങ്ങിയപ്പോള്‍….അപ്പോള്‍ മാത്രമാണ് അതുവരെ ആലോചിക്കാതിരുന്ന എല്‍ ഐ സിയുടെയും, മറ്റും പുതിയ കണക്കുകള്‍ എ വി രാമനാഥന്‍ എന്ന നാല്പതുവയസ്സുള്ള അക്കൌണ്ടന്‍റിന്‍റെ തലയ്ക്കത്ത് കത്തിയത്. അതുവരെ ചേര്‍ത്തും പേര്‍ത്തും കണക്കു കൂട്ടി വച്ച കണക്കുകളുടെ ഘടികാര സൂചികള്‍ നിമിഷ നേരം കൊണ്ട് തിരിഞ്ഞു കൊത്താന്‍  തുടങ്ങി. അയാളുടെ   ഉടലില്‍ ഒരു വിറ പടര്‍ന്നു. ..കൈ വിറച്ചു.  കണ്ണുകളില്‍ നടുക്കം.  
നമ്മള്‍ സൂക്ഷിക്കണം. പുതിയ ഒരു ജോലി കിട്ടാതെ ആരോടെങ്കിലുമുള്ള ദേഷ്യത്തില്‍ ഇപ്പോഴുള്ള ജോലി വേണ്ടെന്ന് വയ്ക്കുമ്പോള്‍ കഷ്ടത്തിലാകുന്നത് നമ്മുടെ കുട്ടികളാണ്. അതോര്‍ക്കേണ്ടിയിരിക്കുന്നു.
അയാളൊരല്പം കുറ്റ:ബോധത്തോടെ തലകുടഞ്ഞു. സമയം നല്ലതല്ലെന്ന് കഴിഞ്ഞാഴ്ച ചാനലില്‍ വാരഫലക്കാരന്‍ പറയുന്നത് കേട്ടിരുന്നു. വിമല രാമനാഥന്‍ തന്‍റെ മാനസീക വ്യാപാരം ഭര്‍ത്താവിനു മുമ്പില്‍ വെളിപ്പെടുത്തി. “ഇനി എപ്പോഴാണാവോ സമയം നന്നാവുക”.
പൊതുവെ നിരീശ്വരവാദിയും യുക്തിവാദിയുമായ രാമനാഥന്‍റെ വായില്‍ നിന്ന് അങ്ങിനെ ഒന്ന് വീണു കിട്ടിയപ്പോള്‍ വിമല ഉത്സാഹത്തോടെപറഞ്ഞു. അടുത്തമാസം മുതല്‍ വലീയ കുഴപ്പമില്ലെന്ന് ഇന്നലെ രാത്രി റിടെലിക്കാസ്റ്റ് ചെയ്തപ്പോള്‍ കേട്ട കാര്യവും വിമല അയാളെ ഓര്‍മ്മപ്പെടുത്തി.
ചുമ്മാ അടുത്തമാസം എന്ന് പറഞ്ഞാല്‍ അതിന്    കണക്കായി ഏതെങ്കിലും കമ്പനിയില്‍ ഒഴിവുംവരണ്ടേ വിമലേ..
ഇപ്പോഴത്തെ ജോലിയില്‍ നമ്മളീ പറഞ്ഞ കണക്കുകളൊന്നും ഒത്തുപോകില്ല. മറ്റൊന്നും കഴിഞ്ഞില്ലേലും കുട്ടികളെ നമ്മളോളമെങ്കിലുമെത്തിക്കണ്ടേ..
വിമല അയാളുടെ വായ ഒരു കൈ കൊണ്ട്  പൊത്തി. നമ്മളോളമല്ല രാമേട്ടാ...നമ്മളെക്കാളും ഉയരത്തില്‍.”
എത്ര കാലം ഇത്രേം കുറഞ്ഞ ശമ്പളത്തില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റുമെന്നറിയില്ല.
ജോബ് ഹണ്ടിങ്ങ് സൈറ്റിലേക്ക് ക്ലിക്ക് ചെയ്തുകൊണ്ട് അതിലെ നീല ബോര്‍ഡര്‍ ലൈനുള്ള ചതുരക്കള്ളികളില്‍‍ വിവിധ ഒഴിവുകളുടെ കാഴ്ച കണ്ട് വിമല പറഞ്ഞു.
നിരവധി ഒഴിവുകളുണ്ട്.   ഇന്ന് കൊടുത്തില്ലെങ്കിലും സാരമില്ല . സമയം ശരിയാകുമ്പോള്‍ എല്ലാം ശരിയാകും വിമല  ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
എത്ര ദിവസമായി ഇങ്ങനെ ഓരോന്ന് .. ഒരു ദിവസം ഒരു പത്ത് ആപ്ലിക്കേഷനെങ്കിലും അയക്കുന്നുണ്ട്. എന്നിട്ടും സകലരും മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.. രാമനാഥന്‍ വേവലാതിപ്പെട്ടു.
വിമല കുറേക്കൂടി ചേര്‍ന്നിരുന്നു കൊണ്ട് രാമനാഥന്‍റെ മനസ്സിന്‍റെ വേവലാതികള്‍ തന്നിലേക്ക് പകര്‍ത.  ഇടതു നെഞ്ചിലേക്ക് കൈ പായിച്ച് കൊണ്ട് പറഞ്ഞു.
ഒരോ അപേക്ഷകളും ഒരു വിളിക്കുള്ള പ്രതീക്ഷകളാണ് രാമേട്ടാ.“

  നീ പറയുന്നതൊക്കെ ശരിയാ.. എങ്കിലും... ... അയാള്‍ ബെഡിലെ തലയണയില്‍ അമര്‍ത്തിപ്പിടിച്ച് വീണ്ടും വീണ്ടും അസ്വസ്ഥനായ്. എ വി രാമനാഥനെന്ന അക്കൌണ്ടന്‍റിന്‍റെ ആകാശം ”  മഴക്കാറുനിറഞ്ഞു.
ഇനിയിപ്പോ പുതിയതൊന്നും കിട്ടിയില്ലെങ്കില്‍ നമ്മളെന്തുചെയ്യും വിമല ഉത്കണ്ഠയോടെചോദിച്ചു.
 ആലോചിച്ച് നോക്കീട്ട് പോംവഴികളൊന്നും രാമനാഥന്‍ റെ മനസ്സില്‍ തെളിഞ്ഞില്ല. ഇപ്പോഴുള്ളതു പോലെയൊക്കെയങ്ങ് കഴിഞ്ഞു കൂടുക തന്നെ.  എന്നുവച്ചാല്‍ പിശുക്കി പിശുക്കി കഴുത്തോളം പിശുക്കി ജീവിക്കുക . തരക്കാരെ പോലെ കുടുംബമായ് .. പുറത്തെവിടെയും പോകാന്‍ പറ്റാതെ...ജീവിച്ച്പോവുക.. എങ്കിലും എത്രനാളായ് വിമലയ്ക്ക് രണ്ട് സ്വര്‍ണ്ണ വളകള്‍ വാങ്ങിക്കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു. കുട്ടികളോട് ദേഷ്യം വരുമ്പോഴൊക്കെ  ഇടയ്ക്കവള്‍ ഇടനെഞ്ചിലിട്ട് കുത്താറുണ്ട്. എന്നാലും പാവത്തിന്‍ ദേഷ്യമൊന്നുമില്ല. ഒരാവശ്യവും പറയുകയുമില്ല.  നാ‍ട്ടില്‍പോകുമ്പോള്‍ വാങ്ങാറുള്ള ഗ്യാരണ്ടി ആഭരണങ്ങളപ്പോള്‍ അയാളെ പല്ലിളിച്ച് കാണിച്ചു. 

 രാമനാഥന്‍ പറഞ്ഞു.
എന്‍റെ വിമലേ .. ഒരു വിധം കൊള്ളാവുന്ന ശമ്പളം കിട്ടുന്ന ജോലി കിട്ടിയാലേ നമ്മുടെ ആഗ്രഹങ്ങളൊക്കെ നടക്കൂ. .കഴിഞ്ഞമാസംഅയച്ചിരുന്ന അപേക്ഷയിലേതെങ്കിലുമൊന്നെങ്കിലും തടഞ്ഞിരുന്നെങ്കില്‍ നിന്‍റെ കാതിലിപ്പോള്‍ ഒരു ജിമുക്കി കൂടിയേനെ..
വിമലയുടെ കണ്ണുകള്‍ വിടര്‍ന്നു.

എന്തായാലും കമ്പനിയില്‍ നിന്ന് ഒരു ഇന്‍ക്രിമെന്‍റോ പ്രമോഷനോ പ്രതീക്ഷിച്ചിട്ട് ഒരു കാര്യവുമില്ല. കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം കുറച്ചായി. ഇനിയിപ്പോ കിട്ടിയാല്‍ തന്നെ ഒരു അഞ്ച് അല്ലെങ്കില്‍ പത്തോ ശതമാനം കൂട്ടിക്കിട്ടും. അത് കിട്ടിയിട്ട് എന്താകാനാ..... അതുകൊണ്ട് എങ്ങിനെയെങ്കിലും പുതിയൊരു ജോലികിട്ടിയേ പറ്റൂ. മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഡിമാന്‍റൊക്കെയുണ്ട്.  ജോലി ചെയ്തു കൊണ്ടിരിക്കെ മറ്റൊരു ജോലി അന്വേഷിക്കുമ്പോള്‍ കമ്പനിയില്‍ പ്രശ്നങ്ങളുണ്ടാകും. ഓഫീസിലെ ചുവരുകള്‍ക്ക് പോലും ചെവിയുണ്ട്. ഒറ്റുകാരുടെ ഒരു പട തന്നെയുണ്ട്. ഒരേ മുറിയിലിരിക്കുന്ന ഇടത്തും വലത്തുമുള്ളവര്‍ തന്നെഇരട്ടപ്പാരകളാണ്‍.നിരാശയോടും അമര്‍ഷത്തോടും രാമനാഥന്‍ പല്ല്ഞെരിച്ചു.

നല്ല ജോബ് വേക്കന്‍സി വരുമ്പോള്‍ കൊടുത്താ മതി വിമല പ്രതീക്ഷയോടെപറഞ്ഞു.
അങ്ങിനെയൊന്നും പറ്റില്ല വിമലേ ..ഓരോന്നിനും ഓരോ സമയമില്ലേ..  ചില പ്രോജക്ടുകളുടെ തുടക്കത്തിലായിരിക്കും ജോലിക്ക് ആളെ ആവശ്യമുണ്ടാവുക. അന്നേരം ഒരു തള്ളിക്കയറ്റമുണ്ടാവുക പതിവാണ്‍. എന്നാലും കാര്യമൊന്നുമില്ല. പരിചയക്കാരുടെ കാലുകള്‍ക്കിടയിലാണ്‍ എല്ലാഒഴിവുകളും.”.  രാമനാഥന്‍‍ നിരാശയോടെപറഞ്ഞു.
നമ്മള്‍‍ മനോഹരമായി ബയോഡാറ്റയൊക്കെ മുന്തിയ ക്വാളിഫിക്കേഷനും ജോലി പരിചയ സര്‍ട്ടിഫിക്കറ്റൊക്കെവച്ച് അയക്കുമ്പോള്‍‍ ഇന്നലെ വന്ന ചെക്കനെ പ്രമോട്ട് ചെയ്യാന്‍ സ്വന്തക്കാര്‍‍ പല കമ്പനികളിലും കാണും. അതിനും പുറമെ ജാതിയുടെയും മതത്തിന്‍റേയും പേരിലുള്ള തിരുകി കയറ്റലുകള്‍..അങ്ങിനെ എന്തൊക്കെ കളികള്‍...”.

അതും ശരിയാ രാമേട്ടാ…… അങ്ങിനെ ആരെങ്കിലുണ്ടെങ്കിലേ ഇന്നത്തെ കാലത്ത് രക്ഷയുള്ളൂ. നമുക്കാരുണ്ട് അങ്ങിനെ ഒരു സഹായത്തിന് രാമേട്ടാ..?…” വിമല തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.

നീ എന്നും വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങളുണ്ടാല്ലോ.. അവര്‍ മാത്രമാണ്..... അവര്‍ മാത്രമാണ്‍ ഒരുരക്ഷ.   ഇന്‍റര്‍വ്യൂന്  ‍ വിളിച്ച്കിട്ടിയാലെങ്കിലും മതിയായിരുന്നു.  ബാക്കി ഞാന്‍‍ എന്‍റെ കഴിവുകൊണ്ട് നേടിയെടുക്കാന്‍ പരമാവധി ശ്രമിക്കും. വര്‍ഷം കുറേ ആയില്ലേ ഈ മരുഭൂമിയിലെത്തീട്ട്.”
വിമലയ്ക്ക് രാമനാഥന്‍റെ ജോലി സമര്‍ത്ഥതയിലും ആത്മവിശ്വാസത്തിലും അഭിമാനം തോന്നി.
ഞാന്‍‍ പ്രാര്‍ത്ഥിക്കാം രാമേട്ടാ ദൈവങ്ങള്‍‍ കനിയാതിരിക്കില്ല. അയച്ച അപേക്ഷകളെല്ലാം എല്ലാം കമ്പനികളിലെ എച്ച്. ആര്‍ തമ്പ്രാക്കന്മാര്‍ക്കും ഇഷ്ടമാകട്ടേന്ന് പ്രാര്‍ത്ഥിക്കാം. അവരാണല്ലോ ആദ്യ ഘട്ട ഇന്‍റ്ര്‍‍വ്യൂവിന് തിരഞ്ഞെടുക്കുന്നത്.

ഏതെങ്കിലുമൊരു കമ്പനി കനിയാതിരിക്കില്ല. നമ്മുടെ ജീവിതം വീണ്ടും കൂടുതല്‍‍ പ്രകാശമാനമയമാകും രാമേട്ടാ…”..  
രാമനാഥനോട് ചേര്‍ന്നിരുന്നുകൊണ്ട് വിമല ഏറെ പ്രതീക്ഷയോടെ പറഞ്ഞു. പുറത്തപ്പോള്‍‍ ഉഷ്ണ്ക്കാറ്റ് വീശിയടിച്ചു. കൂടുതല്‍‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ചിലരൊക്കെ  രാജ്യത്തിന്‍റെ ചിലഭാഗങ്ങളില്‍‍ സമരങ്ങളിലേര്‍പ്പെട്ടു. ആഭ്യന്തരകലഹം പുതിയ പ്രോജക്ടുകളെ പിന്നോട്ട് വലിച്ചു. ഓരോ തൊഴിലിടങ്ങളും തൊഴിലാളികളുടെ എണ്ണക്കുറവും ജോലിയുടെ അഭാവവും വിജനമായ മരുപ്പറമ്പുകളെ ഓര്‍മ്മപ്പെടുത്തി. സൈറണ്‍‍ മുഴക്കി കൊണ്ട് പോലീസ് വാഹനങ്ങള്‍ ഇടയ്ക്കിടെ ഉറക്കത്തെ ശല്യപ്പെടുത്താനെന്ന പോലെ ഒച്ചവച്ച് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടേയിരുന്നു.

നീലനിറത്തി‍ല്‍ പരന്നു കിടക്കുന്ന ജോബ്ഹണ്ടിങ്ങ് സൈറ്റിലെ മുഴുവന്‍‍ വന്‍കിടമുതലാളിമാരേയും ഓര്‍ത്ത് കൊണ്ട് രാമനാഥന്‍ പ്രതീക്ഷാ നിര്‍ഭരമായ് കണ്ണുകളടച്ചു.  എന്നിട്ട് പതിയെ പറഞ്ഞു.

ആരോടും ഒന്നും തുറന്ന് പറയാന്‍‍ പറ്റാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നത് വിമലേ.. ഓഫീസില്‍‍ ഒരാളോടും ഒന്നുംപറയാന്‍‍ വയ്യ. കാരണം പരസ്പരം പാരവ്യ്ക്കാന്‍‍ മത്സരിക്കുന്ന ഒരു ലോകമാണ്‍ ഓഫീസ്. കണ്ണൊന്ന് തെറ്റിയാല്‍‍ ശത്രുക്കളുടെ വെട്ടുകത്തികളും കു=ന്തങ്ങളും തലക്ക് നേരെവീഴാന്‍‍ അധികം സമയമൊന്നുംവേണ്ട.

രാമേട്ടന്‍റെ ഓഫീസിലെ ആളുകളാണൊ ഇത്രയും ക്രൂരന്‍മാര്‍?!! “ 
എല്ലാ വന്‍കിട ഓഫീസുകളിലും ഇത്തരക്കാര്‍‍ വാക്കത്തികളുമായ് നമുക്ക് പുറകില്‍‍ പതുങ്ങിയിരുപ്പുണ്ടാകും  വിമലേ....

പണ്ട് കേരളത്തില്‍ നിന്നും മണലാരണ്യത്തിലേക്ക്  കുടിയേറിയവര്‍  പേടിച്ചിരുന്നത്  കാട്ടറബികളെ മാത്രമായിരുന്നു. അന്ന് അവരുടെ കൈയ്യില്‍‍ നീളന്‍‍ ചൂരല്‍‍ വടിയുണ്ടാകുമായിരുന്നു എന്ന് പറഞ്ഞ് കേട്ടിരുന്നു. വഴിയില്‍‍ കാണുന്ന പുറംരാജ്യക്കാരെ തല്ലുകയും മുഖത്ത് തുപ്പുകയുംചെയ്യുമായിരുന്നു. അന്നത്തെ എന്‍റെ രാത്രി സ്വപ്നങ്ങളില്‍‍ എത്രയോ വട്ടം കാട്ടറബികളെ കണ്ട്പേടിച്ച് കിടക്കയില്‍‍ മൂത്രമൊഴിച്ചിരിക്കുന്നു. എന്നിട്ടും.. എന്നിട്ടും എത്തിപ്പെട്ടത് അതേ മരുഭൂമിയില്‍‍ തന്നെ. ….ഇന്ന് ആ ചൂരലും മുഖത്തേക്കുള്ള തുപ്പലും നേരിട്ടല്ലെങ്കിലും ചെയ്തുകൂട്ടുന്നത്ന നമ്മുടെ സ്വന്തം നാട്ടുകാര്‍‍ തന്നെയാണ്.
രാമേട്ടാ..എന്നെപേടിപ്പിക്കുകയാണോ..
നീപേടിക്കേണ്ട വിമലേ.  നിറം മറച്ച് ഒളിച്ചിരിക്കുന്ന വര്‍ഗ്ഗ ശത്രുവിനെ കണ്ടെത്താന്‍ ഒരല്പം ജാഗ്രത മാത്രം മതി. ഓരോ കാലടിയിലും ആ ജാഗ്രത കാത്തു സൂക്ഷിച്ചാല്‍ പിന്നെ പേടിക്കാനൊന്നുമില്ല.
ഓരോചുവടു മാറ്റത്തിലും നമ്മുടെ ഉള്‍‍ക്കണ്ണ് തുറന്നു തന്നെ ഇരിക്കണം.
നാട്ടില്‍ പോയാലിപ്പൊ എല്ലാറ്റിനും ഒടുക്കത്തെവിലയാ.. സാധനങ്ങള്‍‍ വാങ്ങാനാണെങ്കില്‍‍, കറന്‍റ്  ബില്ലാണെങ്കില്‍.. സ്ഥലത്തിന്‍റെയും വീടിന്‍റെ കരമടയ്ക്കാന്‍‍ പണ്ടൊക്കെ തുച്ഛമായ നികുതി മാത്രമാണുണ്ടായിരുന്നത്. ഇന്നിപ്പോ അതൊക്കെ പറഞ്ഞിട്ടെന്താകാര്യം. നമ്മുടെ നാട് ഒരു കമ്പോള നിര്‍മ്മിതിയാണിന്ന്. വിലനിശ്ചയിക്കുന്നതും നികുതി നിശ്ചയിക്കുന്നതുമൊക്കെയും വലീയ വലീയ കമ്പനി മുതലാളിമാരാണ്.  രാജ്യത്തെ ആരു ഭരിക്കണമെന്നത് അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കുന്നത്.  രാമനാഥന്‍ പറഞ്ഞു നിര്‍ത്തുന്നതിന് മുമ്പ് വിമല താടിക്ക് കൈ കൊടുത്ത് ആലോചനയിലേക്ക് പോയി
നമ്മുടെ കുഞ്ഞുങ്ങളുമായ് നമുക്ക് കുറച്ച് കാലം കൂടി ജീവിച്ചേ മതിയാകൂ വിമലേ....
മൂത്ത മോളെ പഠിക്കാന്‍ നാട്ടിലേക്കയക്കാം. അവിടെ വല്യേച്ചിയുടെ വീട്ടില്‍ നിന്ന് അവള്‍ പഠിച്ചോളും. പക്ഷെ വേണ്ട  വിമലേ.. നമ്മുടെ നാട്.. ആളുകള്‍ ഒക്കെയും പഴയതു പോലെയേ അല്ല.  സ്നേഹമൊക്കെ  സൂപ്പര്‍ മാര്‍ക്കറ്റിലേതു പോലെയാണ്. കാശുണ്ടെങ്കില്‍ സാധനം കിട്ടും. ഇല്ലെങ്കില്‍ ഇല്ല.  മാത്രവുമല്ല നമ്മളറിയാതെ നമ്മുടെ പോക്കറ്റും കണ്ണും കരളും തുരന്ന് കൊണ്ടു പോകാന്‍ നമ്മുടെ നാട്ടിലെ ആളുകള്‍ ഇപ്പോള്‍ ഏറെ മിടുക്കന്‍മാരാ..  ഉള്ള പഠിപ്പൊക്കെ മതി.. അവളിവിടെ പഠിക്കട്ടെ... സമാധാനമുണ്ടാകുമല്ലോ..
ടിവിയിലപ്പോള്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിച്ചതിന്‍റെ ബ്രേക്കിങ്ങ് ന്യൂസും സെല്‍ഫി ഫോട്ടോയും കാണിച്ചു തുടങ്ങി. അതിനു തൊട്ടടുത്ത വാര്‍ത്ത  മൂന്നു പേരെ മാറി മാറി പീഡിപ്പിച്ച  ഒരാളുടെ ചിത്രവും. പഠിക്കുന്ന പുസ്തകത്തില്‍ നിന്നും മോള്‍ തല ഉയര്‍ത്തി നോക്കുന്നത് അയാള്‍ കാണുകയും മോള്‍ ഈ വാര്‍ത്തയൊക്കെ കാണുന്നുണ്ടെന്ന് അയാള്‍ പേടിക്കുകയും ചെയ്തു .

രാമനാഥന്‍ ‍അന്നത്തെ അവസാന ഇ-മെയില്‍‍ സന്ദേശവും അയച്ചുകഴിഞ്ഞ് , ജോലി ചെയ്യുന്ന കമ്പനിയിലെ സ്നേഹരാഹിത്യത്തെയും കുതികാല് ‍വെട്ടലിനെയും കുറിച്ചോര്‍ത്ത് മനസ്സ്മടുത്ത് ഓര്‍മ്മകളുടെ കലക്കുവെള്ളത്തില്‍‍ കൈകാലിട്ടടിച്ചു.  ടിവിയിലപ്പോള്‍‍ സൌദിഅറേബ്യയില്‍‍ സ്വദേശിവല്‍ക്കരണം നടപടികളാരംഭിച്ചു എന്ന വാര്‍ത്ത എഴുതിക്കാണിക്കുകയും നിരവധി പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിന്‍ റെ ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഇത് ചാനലുകാരുടെ ഒരു തട്ടിപ്പ് ചിത്രമാണെങ്കില്‍ കൂടി രാമനാഥനില്‍ അസ്വസ്ഥതകള്‍ പെരുകി കൊണ്ടേയിരുന്നു. 

ലൈറ്റ് ഓഫ് ചെയ്ത്, വാതിലടച്ചെന്ന് ഉറപ്പു വരുത്തി വേയ്സ്റ്റ് ബോക്സിലെ വെയ്സ്റ്റൊക്കെ രാവിലെ പുറത്തു പോകുമ്പോള്‍ കളയുവാനായി എടുത്ത് വച്ച് അടുക്കള വൃത്തിയാക്കിയ ശേഷം വിമല ബെഡ് റൂമിലേത്തുമ്പോഴും എ വി രാ‍മനാഥന്‍ അതേ ഇരുപ്പില്‍ ബെഡില്‍ തന്നെ ആയിരുന്നു.  തല തിരിച്ച് വിമലയെ നോക്കിയപ്പോള്‍  പെട്ടെന്ന്  പഴയ ഓര്‍മ്മയുടെ മോഹവലയത്തില്‍ പെട്ട്  രാമനാഥന്‍ ആടിയുലഞ്ഞു.  അയാളപ്പോള്‍ ചോദിച്ചു. നിനക്കോര്‍മ്മയുണ്ടോ വിമലേ ഞാന്‍ നിന്നെ ആദ്യമായി കണ്ടദിവസംഅയാളുടെ അടുത്തിരുന്ന് മുതുകില്‍ കൈ വച്ച് കൊണ്ട്  അമ്പരപ്പോടെ അവള്‍ പറഞ്ഞു. അത് ഞാനെങ്ങിനെ മറക്കും രാമേട്ടാ...നിങ്ങയെന്തിനാ ഇപ്പൊ അതൊക്കെ ഓര്‍ത്തേ..  രാമനാഥനെ ആദ്യം കണ്ടത്  റെയില്‍വേ സ്റ്റേഷനു പുറത്തെ ഒരു ബഹളത്തില്‍ നിന്നായിരുന്നുവെന്ന് വിമല ഓര്‍മ്മിച്ചു.  ഏതോ റെയില്‍വേ  പോര്‍ട്ടറെ യാത്രക്കാരന്‍ തല്ലിയത് ചോദിച്ച് കൊണ്ട് ബഹളം വയ്ക്കുന്ന   എ വി രാമനാഥനെ.   രാമനാഥനും ഓര്‍മ്മിച്ചെടുത്തത് അതേ മുഹൂര്‍ത്തം തന്നെ ആയിരുന്നു

ബഹളങ്ങള്‍ക്കിടയില്‍ ഒരുപറ്റം കോളജ്കുമാരികള്‍ അയാളെ അമ്പരപ്പോടെ നോക്കി നില്‍ക്കുന്നതും ….കോളജ് കുമാരിമാരുടെ കൂട്ടത്തില്‍ നീളന്‍ കണ്ണുകളും ഇടതൂര്‍ന്ന മുടികളുമായ്  തന്നെതന്നെ നോക്കി നില്‍ക്കുന്ന തലയെടുപ്പുള്ള സുന്ദരിയായ വിമല.  പിന്നെ പിന്നെ അവളുടെ പുറകെ കുറച്ച് കാലം  അറിഞ്ഞും അറിയാതെയും.  വിമല അയാളോട്  ചേര്‍ന്നിരുന്നു.  അയാളുടെ രോമാവൃതമായ നെഞ്ചില്‍ ഉമ്മ വച്ചു. എന്നിട്ട് പതിയെ പറഞ്ഞു. 
 നിങ്ങളെന്‍റേ ജീവനും ജീവിതവുമാണ്. ഒരു പക്ഷെ മറ്റൊരാള്‍ക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിക്കാണില്ല.  അടുത്ത ജന്മത്തിലും ഇതേ നെഞ്ചില്‍ തലവച്ചുറങ്ങാനാണെനിക്ക്  മോഹം. എന്‍റെ രാമേട്ടന്‍ പറയുമ്പോലെ ലോകത്തിലെ എല്ലാ പക്ഷികളുടെയും ശബ്ദം സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന സുന്ദരമായ ഒരു ജീവിതം.. തീവ്രമായ സ്നേഹത്തോടെ വിമല രാമനാഥനെ കെട്ടിപ്പിടിച്ചു.  പുറത്തപ്പോള്‍ ഉഷ്ണക്കാറ്റിന്‍റെ ശക്തി കൂടി  കാറ്റിന്‍റെ ഹുങ്കാരം ജനവാതിലുകളില്‍ പതിക്കുന്നുണ്ടായിരുന്നു. 
ramanadhan@gmail.com എന്ന ഇ മെയില്‍ ബോക്സിലേക്ക് അപ്പോള്‍ ഒരു ഓഫര്‍ ലെറ്റര്‍ വേനലിലെ ചാറ്റല്‍ മഴ പോലെ വന്നിറങ്ങുന്നുണ്ടായിരുന്നു.  ഒന്നിനു പുറകെ ഒന്നായി കമ്പ്യൂട്ടറിന്‍റെ സൌണ്ട് ബോക്സില്‍ ലെറ്ററ് വരുന്ന ശബ്ദം അയാളുടെ കാതുകളെ സംഗീതമയമാക്കി.  ഇന്നത്തെ മെയിലിനും ഇന്നലെത്തെയും കഴിഞ്ഞ കുറേ ദിവസങ്ങളായി അയച്ചു കൊണ്ടിരുന്ന എല്ലാ ജോബ് ആപ്ലിക്കേഷനും സ്വീകരിച്ച്കൊണ്ട് ഇന്‍ടര്‍വ്യൂവിനായ് കമ്പനികളില്‍ നിന്നും  വിളി തുടങ്ങി
ഓഫീസില്‍ അവധി പ്രഖ്യാപിച്ച് രാമനാഥന്‍ അന്നത്തെ ഇന്ടര്‍വ്യൂന് പോകാന്‍ തയ്യാറെടുത്തു. അയാളുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു. വിമലയുടെ കാതില്‍ ഒരു ജിമുക്കി അയാളുടെ സ്വപ്നങ്ങളില്‍ നിറഞ്ഞാടി.  പുതിയ ജോലിയില്‍ ഏറെ സന്തോഷവനാ‍യ്  രാമനാഥനെ വിമല സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു. അങ്ങിനെ താന്‍ ജോലിയില്‍ സമര്‍ത്ഥനാണെന്നും കഴിഞ്ഞ കമ്പനിയില്‍ നിന്ന് കിട്ടിയതിന്‍റേ മൂന്നിരട്ടി ശമ്പളം കിട്ടാന്‍ താന്‍ അര്‍ഹനാണെന്നും രാമനാഥന്‍ സ്വയം തെളിയിച്ചു കൊണ്ടേയിരുന്നു. 
ഫാമിലി ഗെറ്റുഗദറിലും മലയാളീ സമാജങ്ങള്‍ നടക്കുന്ന കലാപരിപാടികളിലും രാമനാഥനും വിമലയും നിത്യ സാന്നിദ്ധ്യമായി. പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകളെ ഭരത നാട്യവും കുച്ചുപ്പിടിയും പഠിക്കാന്‍ കലാമണ്ഡലം പത്മാവതി ടീച്ചറുടെ ക്ലാസ്സില്‍ തന്നെ ചേര്‍ക്കാനും രാമനാഥന്‍ മറന്നില്ല.  വിമലയ്ക്ക് ജിമുക്കി കൂടാതെ ഇടയ്ക്ക് ഒരു ഡയമണ്ട് പെന്‍റന്‍റ് കൂടി അയാള്‍ വാങ്ങിക്കൊടുത്തു.
ഉച്ചയ്ക്ക് ഊണുകഴിക്കാനിരിക്കുമ്പോഴാണ്  രാമനാഥനെ അഡ്മിനിസ്ട്രേഷനില്‍ വിളിപ്പിച്ചത്.  എച്ച് ആര്‍ മാനേജരുടെ മുമ്പിലിരിക്കുമ്പോള്‍ കുഞ്ഞിരാമന്‍ മറ്റൊന്നും ഓര്‍ത്തില്ല.   കമ്പനിയില്‍ നിന്ന് ആളുകളെ പറഞ്ഞു വിട്ടുകൊണ്ടിരിക്കുന്നു എന്നത് കൊണ്ട് തന്നെ വിളിപ്പിച്ചപ്പോള്‍ രാമനാഥന്‍ സ്വാഭാവികമായും ഞെട്ടുക തന്നെ ചെയ്തിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ വിളിച്ചതെന്തിനെന്നറിയാതെ അയാള്‍ എച്ച് ആര്‍ മാനേജരുടെ കാബിനില്‍ തലപെരുത്ത് ഇരുന്നു വളരെയധികം ആലങ്കാരികമായിട്ടൊന്നുമല്ലാതെ തന്നെ  ജോലിയില്‍ നിന്നും പിരിച്ച് വിടുകയാണെന്നും വിസയടിക്കാന്‍ പറ്റിയില്ലെന്നും എച്ച് ആര്‍ മാനേജര്‍ പറയുമ്പോള്‍ അധികം പരിഭ്രമം മുഖത്ത് കാണിക്കാതിരിക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചു. പക്ഷെ അയാളുടെ കണ്ണില്‍ നിന്ന് അറിയാതെ സങ്കടക്കടല്‍ പുറത്തേക്ക് ചാടുക തന്നെ ചെയ്തു. 
 പുറത്തപ്പോള്‍ മൂന്നു മണിയുടെ ചായയ്ക്കുള്ള സൈറണ്‍ മുഴങ്ങുകയും ചെയ്തു.   ചായകുടിക്കാന്‍ പലരും സീറ്റില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കുന്നതിന്‍ റെ ഒച്ച അയാളെ മുറിവേല്പിച്ചു. ഇനി ഇതു പോലെ ബഹളം വച്ച് ചായകുടിക്കാനും ഇടയ്ക്ക് രാഷ്ടീയമൊ സിനിമയൊ ചര്‍ച്ച ചെയ്യാനോ പറ്റില്ലെന്നത് അയാള്‍ക്ക് അസഹ്യമായ വേദനയുണ്ടാക്കി.  എച്ച് ആര്‍ മാനേജരോട് വല്ലാത്ത ദേഷ്യം തോന്നി അയാള്‍ക്കപ്പോള്‍.
എല്ലാവരേയും പറഞ്ഞു വിടുമ്പോലെ നീയും ഒരു ദിവസം പോകാന്‍ള്ളതാ.. ഇവിടെയുള്ള ജോലിയൊക്കെ പോയാല്‍  നീയൊക്കെ കേരളത്തിലേക്ക് തന്നെയാണല്ലൊ വരിക. ദയാദാക്ഷീണ്യമില്ലാത്തെ എച്ച് ആര്‍ മാനേജരുടെ പെരുമാറ്റം രാമനാഥനെ അങ്ങിനെ ചിന്തിപ്പിച്ചു. അതേ നിമിഷത്തിലാണ് മുന്നിലിരിക്കുന്ന കമ്പ്യൂട്ടറില്‍ ഒരു ബ്രേക്കിങ്ങ് ന്യൂസായി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അത് കണ്ട ഉടനെ മാനേജര്‍ പോത്തന്‍ വര്‍ഗീസിന്‍റെ മുഖത്ത് ഇരട്ടച്ചിരി വിരിഞ്ഞു.  രാമനാഥന് ഇനി നാട്ടില്‍ പോയി വോട്ടൊക്കെ ചെയ്യാം. എത്രനാളായി വോട്ട് ചെയ്തിട്ട് അല്ലേ
 അയാളുടെ മുഖത്ത് പശകൂട്ടി പറ്റിച്ചു വച്ച ഒരു ചിരിയുണ്ട്. ആ കുറുക്കന്‍റെ ചിരി നോക്കി ഒന്ന് പൊട്ടിക്കാനാണ് രാമനാഥന് തോന്നിയത്.  നാട്ടില്‍ പോയി വോട്ട് ചെയ്യാനാണെങ്കില്‍ നിനക്കും കൂടി പോയിക്കൂടെ പോത്താ എന്ന് അയാള്‍ പിറു പിറുത്തു. 
അയാള്‍ മേശമേലുള്ള ഒരു കഷണം പേപ്പര്‍ ചുരുട്ടി വായിലേക്കിട്ട്  പല്ലുകള്‍ക്കിടയില്‍ ചിക്കന്‍ കഷണത്തിന്‍റെ അവശേഷ്ച്ച ഭാഗമെടുത്ത് മാനേജര്‍ അറിയാതെ പേന്‍ ബോകിസില്‍ നിക്ഷേപിച്ചു. പിന്നെ പിറുപിറുത്തു. നിന്നെയും ഇതുപോലെ ഒരു ദിവസം ഈ കമ്പനി വേയ്സ്റ്റ് ബോകിസിലിടും  പോത്താ....
രാമനാഥനെന്തെങ്കിലും പറഞ്ഞോ.. മാനേജര്‍ കമ്പ്യൂട്ടറില്‍ നിന്ന് കണ്ണെടുത്ത് കൊണ്ട് ചോദിച്ചു.  രാമനാഥന്‍ ഒന്നും മിണ്ടാതെ ഇല്ലെന്ന് തലയാട്ടി.  മാനേജരപ്പോള്‍  രാമനാഥന്‍റെ ടെര്‍മിനേഷന്‍ ലെറ്റര്‍ ടൈപ് ചെയ്യുകയും പീപ്പിള്‍ സോഫ്റ്റ് എന്ന പ്രത്യേക സൊഫ്റ്റ് വെയറില്‍ അപ്ഡേറ്റു ചെയ്യുകയും ചെയ്യുകയായിരുന്നു.
മാനേജരുടെ ക്യാബിനില്‍ നിന്ന് ഇറങ്ങി, വേഗത്തില്‍ വീട്ടില്‍ പോകാനാണ് രാമനാഥന്‍ തോന്നിയത്.  പോകുന്ന വഴിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലൊന്ന് കയറി വീട്ടിലേക്കുള്ള എന്തെങ്കിലുമൊക്കെ വാങ്ങുകയുമാവാം . പെട്ടെന്നാണ്  രാമാനാഥാ... എന്ന് ആരോ വിളിക്കുന്നതായി തോന്നിയത്.  തിരിഞ്ഞു നോക്കിയപ്പോള്‍ വൃദ്ധനായ ഒരു മനുഷ്യന്‍.   ആ വിളി തന്നെ ആയിരിക്കില്ലെന്ന് വിചാരിച്ച് അയാള്‍ നടക്കാന്‍ തുടങ്ങി. അപ്പോള്‍ വീണ്ടും അതേ വിളി.  എ വി രാമനാഥാ..അപ്പോഴേക്കും അയാള്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു.  പ്രായം ചെന്ന ആ മനുഷ്യന്‍ സ്ഥിരം പരിചയക്കാരനോടെന്ന പോലെ ചോദിക്കുകയാണ്..
നീ ഇതെങ്ങോട്ടാ തിടുക്കത്തില്‍. മുഖമൊക്കെ ആകെ കരുവാളിച്ചിരിക്കുന്നല്ലോ…”  പഴക്കം ചെന്ന ഒരു ഓട്ടുരുളിയുടെ സൌന്ദര്യം അപ്പോഴെയാള്‍ക്കുണ്ടെന്ന് രാമനാഥന് തോന്നി. എന്തിനാണ് ഇപ്പോള്‍ ഓട്ടുരുളിയൊക്കെ ഓര്‍മ്മ വന്നതെന്ന് രാമാനാഥന് അറിയുകയില്ല.  എങ്കിലും പഴമയുടെ സൌന്ദര്യം പേറുന്നുവെന്ന് അയാളെ കണ്ടാലറിയാം.  ഒരു പക്ഷെ വിമലയുടെ ബന്ധുക്കളൊ നാട്ടുകാരോ ആയിരിക്കും. അതൊ പഠിപ്പിച്ച സാറമ്മാരാരെങ്കിലുമാണോ..?
എനിക്ക് മനസ്സിലായില്ല.  ആരാ..അയാളപ്പോള്‍ ആദ്യത്തേതു പോലെ തന്നെ ഹൃദ്യമായ് ചിരിച്ചു.  നാട്ടില്‍ പോകാനൊരുങ്ങുകയാണല്ലേ കമ്പനിയില്‍ വിസ ശരിയാവാത്തതൊക്കെ എനിക്കറിയാം.
ഇതെങ്ങിനെ ഇത്ര പെട്ടെന്ന്..! രാമനാഥന്‍ ഒരു നിമിഷം വല്ലാതായി.  എല്ലാവരും  അറിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ തന്നെ അറിഞ്ഞാലെന്താ…… രാമാനാഥന്‍ ഒന്നും മിണ്ടാതെ അയാളെ നോക്കി.
 അയാളപ്പ്പോള്‍.  പെട്രോളിന്‍റെ മാര്‍ക്കറ്റിലുണ്ടായ വന്‍ വിലയിടുവും രാജ്യാന്തര തലത്തില്‍ അമേരിക്കയുടെ ആധിപത്യത്തെകുറിച്ചുമൊക്കെ ഏറെ വിശാലമായി തന്നെ സംസാരിക്ക്ന്‍ തുടങ്ങി.  മുതലാളിത്തം കീഴ്പ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്ര എത്ര രാജ്യങ്ങള്‍. അയാള്‍ നരച്ച താടി തടവി. രാമനാഥന് ഇതൊക്കെയും ഇഷ്ടപെട്ട വിഷയങ്ങളായിട്ടും എത്രയും പെട്ടെന്ന് അയാളുടെ മുമ്പില്‍ നിന്ന് രക്ഷപെട്ടാല്‍ മതിയായിരുന്നു.
ഒരല്പ നേരത്തെ മൌനത്തിനു ശേഷം ഇനി എന്താ പരിപാടി എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ രാമാനാഥന്‍ ഇടിമിന്നലേറ്റപോലെ ഞെട്ടിത്തരിക്കുക തന്നെ ചെയ്തു.
കേരളം ദൈവത്തിന്‍റെ നാടാണ് രാമനാഥാ..... നീ ഇങ്ങനെ ബേജാറാവാതെ.  വേനലും വര്‍ഷവും മനുഷ്യരും മൃഗങ്ങളും ഒക്കെയും പ്രകൃതിയുടെ രീതിക്കനുസരിച്ച് ജീവിച്ച യഥാര്‍ത്ഥ ദൈവത്തിന്‍റെ നാട്. പക്ഷെ ഇന്ന് അദ്ധ്വാന ശീലം കൈമോശം വന്ന ഒരു ജനതയാണവിടെ.  നിനക്ക് മനസ്സും വിശ്വാസവും ഒരല്പം ഭാഗ്യവും കൂടി ഉണ്ടെങ്കില്‍ സ്വന്തം നാടിനേക്കാള്‍ വല്യ നാട് വേറെ എവിടെ കിട്ടും രാമാനാഥാ. അറിഞ്ഞില്ലേ.. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു... ഇത്തവണ എന്തായാലും ഒരു മാറ്റം പ്രതീക്ഷിക്കാം.. അത് ഒരു പക്ഷെ രാമാനാഥന് ഗുണമാവുകയും ചെയ്യും.
ഇതൊക്കെ നിങ്ങള്‍ക്കെങ്ങിനെ അറിയാം അവസാനം ക്ഷമ കെട്ട് രാമനാഥന്‍ ചോദിക്കുക തന്നെ ചെയ്തു. നിങ്ങളാരാ..
അയാല്‍ വെറുതെ ചിരിച്ചു. എന്നിട്ട് പറഞ്ഞു.. ഞാന്‍ ദൈവം..
 ദൈവമൊ.. .നിങ്ങളെന്തിനാ മനുഷ്യാ എന്നെ ഇങ്ങനെ കളിയാക്കുന്നേ രാമനാഥന്‍ ഇത്തിരി പരിഹാസത്തോടെയും വേദനയോടെയും പറഞ്ഞു.
നീയും നിന്‍റെ ഭാര്യ വിമലയും ആരാധിക്കുന്ന ദൈവമാണ് ഞാന്‍ .
രാ‍മനാഥനപ്പോള്‍ ഞാനങ്ങിനെ ഒരു ദൈവത്തെയും ആരാധിക്കാറില്ലല്ലോ എന്ന് മനസ്സിലോര്‍ക്കുകയും ചിലപ്പോഴൊക്കെ അറിയാതെ ദൈവത്തെ വിളിക്കാറുണ്ടെന്ന് ഓര്‍ക്കുകയും ചെയ്തു. .  എന്നിട്ട് കലിയോടെ ചോദിച്ചു.
 “എന്നിട്ടാണൊ എനിക്ക് ജോലി പോയതും വിസ കിട്ടാതായതും.. അപ്പോഴൊക്കെ എവിടെയായിരുന്നു.. നിങ്ങള്‍ ദൈവമാണെങ്കില്‍.”    ദൈവം അപ്പോള്‍ ചിരിച്ചു.   
ധൈര്യമായി ജനിച്ചു വീണ നാട്ടിലേക്ക് പോയിക്കോളൂ.. എല്ലാം ശരിയാകും.എന്ന് ആശ്വസിപ്പിക്കും പോലെ പറഞ്ഞ ശേഷം കൈവിശി വേഗത്തില്‍ നടന്നു പോയി. രാമനാഥന്‍ പുറകെ നിന്ന് വിളിച്ചെങ്കിലും അയാള്‍ കേട്ടില്ല..
യാതൊരു പരിചയവും ഇല്ലാത്ത ഈ മനുഷ്യനെന്തിനാ എന്നെ ഇങ്ങനെ കളിപ്പിക്കുന്നതെന്ന് ഓര്‍ത്തോര്‍ത്ത്  സൂപ്പര്‍മാര്‍ക്കറ്റില്‍ കയറാതെ, കുട്ടികള്‍ക്കുള്ള സ്വീറ്റ്സ് വാങ്ങാതെ, വീട്ടിലേക്കുള്ള പച്ചക്കറികള്‍ വാങ്ങാതെ രാമനാഥന്‍ വീട്ടിലേക്ക് നടന്നു. 
ദിവസങ്ങള്‍ കുറച്ച് കഴിഞ്ഞപ്പോള്‍  അയാള്‍ പറഞ്ഞതു പോലെ എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം കേരളത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍  സുലഭമായ് ഏറ്റെടുക്കുക തന്നെ ചെയ്തു.    അന്ന് സൂപ്പര്‍ മാര്‍ക്കറ്റിനടുത്ത് കണ്ട ആ മനുഷ്യന്‍  ഒരു ആശ്വാസ വാക്കാണ് പറഞ്ഞതെങ്കിലും രാമനാഥന്‍റെ മനസ്സില്‍ അതൊരു കുളിര്‍മഴയായ് പെയ്തിറങ്ങി. അത് വിമലയോട് പറയുകയും ചെയ്തു. അതെ എല്ലാം ശരിയാവും. നമ്മളങ്ങിനെ ആരേയും ഉപദ്രവിച്ചിട്ടൊന്നുമില്ലല്ലൊ. പിന്നെ നമ്മളെന്തിനാ പേടിക്കുന്നേനമുക്കിനി കരയുകയും വിഷമിക്കുകയൊന്നും വേണ്ട വിമലേ.. ഇനി എപ്പോഴെങ്കിലും അവസരം പോലെ ഈ പോറ്റമ്മയായ മണ്ണിലേക്ക് നമുക്ക് വരാം. അവസരം വരുമ്പോലെ.. വിമലയുടെ കണ്ണുകള്‍ ഈറനായി. പിന്നെ സങ്കടം സഹിക്കാതെ കുട്ടികളെയും ചേര്‍ത്ത് പിടിച്ച് വിതുമ്പിക്കരയാന്‍ തുടങ്ങി.
മോളുടെ അനാഥമായ് കിടക്കുന്ന കാല്‍ ചിലങ്കകള്‍ വിമലാ രാമനാഥനെ പൊള്ളിച്ചു.  തുടരെ തുടരെ സമാജത്തിലെ വനിതാ വേദി മീറ്റിങ്ങിലേക്കുള്ള വിളികള്‍...  സങ്കടം സഹിക്കാനാവാതെ മൊബൈല്‍ ഫോണ്‍ ഓഫാക്കി വച്ചു.  എല്ലാം ശരിയാകും വിമലേ... രാമനാഥന്‍ സമാധാനിപ്പിച്ചു
വിമലേ കരയാനുള്ള സമയമല്ലിത്. നമുക്ക് ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് പോകേണ്ട സമയമാണ്. ഇനിയുള്ള നമ്മുടെ ജീവിതം അവിടെ നാട്ടിലാണ്. അതിനുള്ള ഒരുക്കങ്ങളാണ് നമ്മള്‍ നടത്തേണ്ടത്.  ജീവിതത്തെ ഫലഭൂയിഷ്ടമാക്കുന്ന.... നിറയെ വളക്കൂറുള്ള മണ്ണാണ് നമ്മുടേത്.. നമ്മളത് കണ്ടെത്തണമെന്നേ ഉള്ളൂ.  രാമനാഥന്‍ വിമലയേയും മക്കളേയും ചേര്‍ത്ത് പിടിച്ചു.  ആകാവുന്ന അത്രയും സ്നേഹത്തോടെ …. പുറത്തപ്പോള്‍ ഒരു മഴ തകര്‍ത്തു പെയ്യാനുള്ള കോളൊരുങ്ങുന്നുണ്ടായിരുന്നു.  എല്ലാവരോടും യാത്ര പറഞ്ഞ് ഏയര്‍പോര്‍ട്ടിലേക്ക് കടക്ക്നൊരുങ്ങുമ്പോഴാണ്  മൊബൈലില്‍ ബ്രേക്കിങ്ങ് ന്യൂസ് പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ ഇടതു പക്ഷ മന്ത്രിസഭ അധികാരമേറ്റു.”. രാമനാഥന്‍ വാര്‍ത്ത കാട്ടിക്കൊടുത്ത് വിമലയെ  ചേര്‍ത്ത് പിടിച്ച് കൊണ്ട് വിമാനത്താവളത്തിനകത്തേക്ക് നടന്നു കയറി.

രണ്ട്  

തിരികെ വീണ്ടും വിസ ശരിയാക്കി ഗള്‍ഫ് എന്ന പച്ചപ്പിലേക്ക് പോകുമ്പോള്‍ രാമനാഥനറെ കൂടെ ഭാര്യയൊ മക്കളൊ ഇല്ല. ആദ്യം വന്നതു പോലെ രാമനാഥന്‍ ഒന്ന് രണ്ട് കുപ്പിയില്‍ അച്ചാറും മറ്റൊരു പൊതിയില്‍ ഉണ്ണിയപ്പവും പിന്നെ പ്രഷറിന്‍റെയും ഷുഗറിന്‍ റെയും ഗുളികകളും മാത്രം.  അതിരാവിലെ ആയതിനാല്‍ വിമാനത്തില്‍ അന്നത്തെ പത്രം അയാള്‍ കയ്യിലെടുത്തു. അതിലെ വാര്‍ത്ത കണ്ട് രാമനാഥന് ചിരി വന്നു. അതിങ്ങനെ ആയിരുന്നു. വ്യവസായ മന്ത്രി രാജിവച്ചു.വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമൊ എന്നാലോചിക്കുമ്പോഴേക്കും ആകാശത്തിലേക്ക് ഒരു പക്ഷിയെ പോലെ ഉയര്‍ന്നു കഴിഞ്ഞിരുന്നു ആ വിമാനം. 



No comments:

Post a Comment