Wednesday, January 25, 2017

പ്രകാശം പരത്തുന്ന മരം


പ്രകാശം പരത്തുന്ന മരം
രാജു ഇരിങ്ങല്‍

രാത്രിയില്‍ ഭീകരമായ ശബ്ദത്തോടെയാണ് ആ കെട്ടിടം നിലം പതിച്ചത്.   കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് തെറിച്ച് പോയ അയാളുടെ ദേഹത്ത് ചുറ്റി വരിയപ്പെട്ടത് ഇലക്ട്രിക് കമ്പികളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടലോടെ വേര്‍പെടുത്താന്‍ ശ്രമിച്ചു. ചിരിച്ച് കൊണ്ട് ഇലക്ട്രിക് കമ്പി പറഞ്ഞു.

“ഇനി മുതല്‍ ഞാനില്ല സുഹൃത്തേ..  അതുകൊണ്ട് ഷോക്കൊന്നുമുണ്ടാവില്ല.”  ആശ്വാസത്തോടെ അയാള്‍ എഴുന്നേറ്റ് തകര്‍ന്നു പോയ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ചാര്‍ജ്ജ് പോയ മൊബൈല്‍ കണ്ടു പിടിച്ചു.
“ഇനി ഇതെങ്ങിനെ ചാര്‍ജ്ജ് ചെയ്യും.. ?”

 അതിശക്തമായ പൊടിക്കാറ്റപ്പോള്‍ അയാളെ വലയം ചെയ്തു.

ചൂട് സഹിക്കാന്‍ പറ്റാതായപ്പോള്‍ തകര്‍ന്ന കെട്ടിടത്തിന് അരികു ചേര്‍ന്നു നിന്നു.   പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന ഏയര്‍ കണ്ടീഷനെ നോക്കി നെടു വീര്‍പ്പിട്ടു. മുഖം കുനിച്ച് കൊണ്ട് ഏയര്‍ കണ്ടീഷന്‍ പറഞ്ഞു.

“ഇനി ഞാനുമില്ല കൂട്ടുകാരാ. എന്‍റെ ഗ്യാസ് സിലിണ്ടറുകളൊക്കെ പൊട്ടിപ്പോയി. നിന്നെ തണുപ്പിക്കാന്‍ ഇനി എനിക്കാവില്ല. മാത്രവുമല്ല വൈദ്യുതി ഇല്ലാതെ എനിക്കെന്ത് ചെയ്യാന്‍ പറ്റും..”. നിസ്സഹായതോടെ ഏയര്‍ കണ്ടീഷന്‍ വൈദ്യുതി കമ്പിയെയും അയാളെയും മാറി മാറി നോക്കി.
 
അപ്പോള്‍ ഞാനെങ്ങിനെ ജീവിക്കും.”  അയാള്‍ ആകാക്ഷയോടും നിരാശയോടും കൂടി ചോദിച്ചു. 
ഇരുട്ട് നീങ്ങി പ്രഭാതത്തോട് അടുക്കുകയായിരുന്നു. വൈദ്യുതി ഇല്ലാത്ത കമ്പി ഒന്നെഴുന്നേറ്റിരുന്നു. എന്നിട്ട് ഏയര്‍ കണ്ടീഷനെ നോക്കി.  തകര്‍ച്ചയില്‍ എ സി ക്ക് കാര്യമായ അപകടം സംഭവിച്ചിട്ടുണ്ട്. അവിടവിടെയായ് മിക്സിയും ഗ്രൈന്‍ഡറും വാഷിങ്ങ് മെഷീനും ഭൂകമ്പം തകര്‍ത്തതു പോലെ മങ്ങിയ വെളിച്ചത്തില്‍ ദയനീയമായി അയാളെ നോക്കി. 
പേടിച്ച് നിലവിളിയോടെ തപ്പിത്തടഞ്ഞ്  ഒരല്പം മുന്നോട്ട്  നടന്നപ്പോള്‍ അവിടെ ദീന്‍ ദയാല്‍ പ്രൈമറി സ്കൂള്‍ എന്ന ബോര്‍ഡ് അയാള്‍ കണ്ടു.  സ്കൂളും കടന്ന് മുന്നോട്ട് പോകാന്‍ അയാള്‍ക്ക് വെളിച്ചമുള്ള വഴിയൊന്നുമുണ്ടായിരുന്നില്ല.  സ്കൂള്‍ മുറ്റത്ത് നിശ്ശബ്ദരായി ആ പ്രഭാതത്തില്‍ വൃക്ഷതൈകള്‍ നട്ടുകൊണ്ടിരിക്കുന്ന കുട്ടികളെ കണ്ട് അയാള്‍ അത്ഭുതപ്പെട്ടു.  കൈയ്യില്‍ കെട്ടിയ വാച്ചിലേക്ക് നോക്കിയപ്പോള്‍  സമയ സൂചികള്‍  നിലച്ചിരിന്നു. 

“ഇതെന്തേ ഇങ്ങനെ”,, എന്ന് തലയില്‍ കൈവച്ച് നില്‍ക്കവേ ഒരു കൊച്ചു പെണ്‍കുട്ടി ഓടി വന്ന് അയാളുടെ കയ്യില്‍ ഒരു കൂട വൃക്ഷത്തൈ വച്ചു കൊടുത്തു. പിന്നെ മിണ്ടാതെ സ്കൂള്‍ അങ്കണത്തിലേക്ക് തിരിച്ച് പോയി. പെണ്‍ കുട്ടി നടന്നു പോയ വഴികളിലപ്പോള്‍ നിറയെ വെളിച്ചം വിതറിയിരിക്കുന്നത് അയാള്‍ കണ്ടു.

വീട്ടിലെത്തിയപ്പോള്‍ വൃക്ഷത്തൈയുടെ പ്രകാശം പതിന്‍ മടങ്ങ് വര്‍ദ്ധിക്കുന്നതായ് അയാള്‍ക്ക് തോന്നി.  തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പണ്ടെന്നോ ഉപയോഗിച്ച് ഉപേക്ഷിച്ച തൂമ്പ,  മണ്ണ് കിളക്കാനായ് അയാള്‍ കയ്യിലെടുത്തു. അയാളുടെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. വീടിപ്പോള്‍ പ്രകാശ പൂരിതമാണ്.

-----------------------------------

Published By Madhyamam Varandhapathippu

No comments:

Post a Comment