Wednesday, March 20, 2013

കീറിപ്പോയ ഒരാകാശം - കഥ


രാജു ഇരിങ്ങ

ഇനിയെങ്കിലും വളരെ അടുക്കും ചിട്ടയോടും ജീവിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചത് സുഗന്ധി ഗര്‍ഭിണിയാണെന്നറിഞ്ഞതു മുതലാണ്. 

ഒരു അച്ഛനാകാന്‍ പോകുന്നു..... സുഗന്ധി ഒരമ്മയാകാന്‍ പോകുന്നു...... തനിക്ക് ഒരു മകന്‍.... അല്ലെങ്കില്‍ ഒരു മകള്‍....അയാളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. 

മുകളില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ ഒരു കഥയുടെ ആദ്യഭാഗങ്ങളല്ല. അവസാനത്തെ ഭാഗവുമല്ല. ജീവിതം തുടങ്ങുമ്പോള്‍ തരുന്ന പ്രതീക്ഷയുടെ ഒരു വിളക്കുവയ്ക്കലുകള്‍ മാത്രമാണ്. ഈ കഥയില്‍  അച്ഛനും അമ്മയും ഒരു ദ്വീപാണ്.  
മകന്‍ മറ്റൊരു ദ്വീപ്. 
മരുമകള്‍ വേറൊരു ദ്വീപ്. 
നമുക്കറിയാം ദ്വീപുകള്‍ സൃഷ്ടിക്കപ്പെടുകയോ പ്രകൃത്ത്യാല്‍ ഉണ്ടാവുകയോ ആണ്. എങ്ങിനെ ആയാലും ഓരോരു കാരണങ്ങളാല്‍ ദ്വീപുകളൊക്കെയും കടലിന്റെ ഭാഗമൊ കരയുടെ ഭാഗമോ ആകേണ്ടത് തന്നെ. ഈ കഥയിലെ ദ്വീപുകള്‍ കരയാകുമൊ കടലാകുമൊ?   കീറിപ്പോയരാകാശത്തെ നമുക്കൊന്ന് അറിയാന്‍ ശ്രമിക്കാം. കൂട്ടിയോജിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും...ഒരു കാര്യം കൂടി പറയട്ടെ. കഥയുടെ അവസാന ഭാഗം വായിച്ച് കഴിഞ്ഞാല്‍ കഥയുടെ ആദ്യ ഭാഗം ഒന്നു കൂടി വായിക്കാന്‍ മറക്കരുത്.   

ഓരോ ദിവസവും രഘുരാമന്‍ പോസ്റ്റോഫിസില്‍ രാവിലെയും ഉച്ചയ്ക്കും പോവുക പതിവാണ്.  അത് മാത്രമല്ല അച്ഛന് ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അറിയാം. അതു കൊണ്ട് തന്നെ ദിവസവും ഇ- മെയില്‍ ചെക്ക് ചെയ്യുകയും പതിവാണ്.  എന്തെങ്കിലും ഒരു വിവരം, അത് രഘുരാമന് കിട്ടിയേ മതിയവുകയുള്ളൂ. ഉലയുന്ന മനസ്സ് ശാന്തമായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പോസ്റ്റോഫീസില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കാഞ്ഞിരത്തും വളവില്‍ വച്ചാണ് പോസ്റ്റ്മാന്‍ ഗോവിന്ദനെ രഘുരാമന്‍ കാണുന്നത്. ആദ്യം അയാളുടെ മനസ്സില്‍ വന്നത്,  അതയാൾ തെല്ലുറക്കത്തെ തന്നെ മന്ത്രിച്ചു .           “ ഡീഗോ ഗാര്‍ഷ്യ ഒരു ദ്വീപ് അല്ല” എന്തിനാണ് രഘുരാമന്‍ ഇങ്ങനെ ഒരു ബന്ധവുമില്ലാത്ത ചിന്തകള്‍ വന്നതെന്ന് കഥയുടെ അവസാനമാകുമ്പോള്‍ മാത്രമേ വായനക്കാര്‍ക്ക് മനസ്സിലാവുകയുള്ളൂ. അക്കാഡമി അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ ബെന്യാമിന്‍റെ ഏറ്റവും പുതിയ നോവല്‍ ‘ മഞ്ഞ വെയില്‍ മരണങ്ങളിലെ പ്രധാനപ്പെട്ട ഒരു ദ്വീപാണ് ഡീഗോ ഗാര്‍ഷ്യ. രഘുനാഥന്‍ ഈ നോവല്‍ രണ്ട് തവണ രാഷ്ട്രീയമായും അല്ലാതെയും വായിച്ച് നോക്കിയിട്ടുണ്ട്. അതിനു ശേഷമാണ് പോസ്റ്റ് മാന്‍ ഗോവിന്ദനെ കാണുമ്പോള്‍ ഇങ്ങനെ ഒരു ചിന്തവരുന്നതെന്ന് അയാള്‍ക്ക് അറിയാം. പോസ്റ്റുമാന്‍ ഗോവിന്ദന്‍ കത്ത് കയ്യില്‍ വച്ചപ്പോള്‍  കിഴക്ക്ന് വെനീസിലെ കപ്പലോട്ടക്കാരുടെ നാട്ടിലെ പേരറിയാത്ത ദ്വീപിലകപ്പെട്ടതു പോലെ തീര്‍ത്തും ഒറ്റയ്ക്കായിപ്പോയീ രഘുനാഥന്‍...

അടക്കി വച്ച മഹാമൌനത്തിലൊരു വിറയല്‍. തലകറക്കം പോലെ...വേഗം തന്നെ അടുത്തുള്ള ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറിലേക്ക് കേറി ഇരിന്നു രഘുരാമന്‍. ആരും അപ്പോഴവിടെ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയുടെ ‘പ്രശാന്തി’ ബസ്സ് വരേണ്ടതാ. മൂന്നാം വളവിലെ കൂട്ടിയിടിക്ക് ശേഷം പ്രാശാന്തി ബസ്സ് കട്ടപ്പുറത്ത് കേറ്റി വച്ചിരിക്കുകയായിരുന്നു.. വീട്ടിലെത്തി സമാധാനത്തോടെ  കത്തെടുത്ത് വായിക്കാനുള്ളത്ര ക്ഷമയൊന്നും രഘുരാമനില്ല. രഘുരാമനെന്നല്ല ആ സ്ഥാനത്ത് ആരായാലും അങ്ങിനെ തന്നെ ആയിരിക്കും. വിറയ്ക്കുന്ന കൈകളോടെ കത്ത് തുറന്ന് വായിക്കും മുമ്പ് വായനക്കാരുടെ അറിവിലേക്ക് രഘുരാമന്റെ  ഒരു വര്‍ഷം മുമ്പ് വരെയുള്ള ജീവിതത്തിന്‍റെ ഒഴുക്കിനെ കുറിച്ച്  അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെ.

 പ്രണയത്തെ കുറിച്ച്:

ഒരു ഒളിച്ചോട്ടത്തിന് സന്നദ്ധമല്ലാത്തതു കൊണ്ട് രഘുരാമന്‍റെയും സുഗന്ദ്ധിയുടേയും
സമാഗമത്തിനായുള്ള നെട്ടോട്ടങ്ങള്‍ക്കൊടുവില്‍ എന്തു സംഭവിക്കുമെന്ന് നമുക്കറിഞ്ഞുകൂട. എങ്കിലും അവരുടേത് ഒരു സാധാരണ പ്രേമം എന്നു പറയാന്‍ ഒരിക്കലും പറ്റില്ല. നമുക്ക് പ്രേമിക്കാമെന്ന് പറയുകയോ..പരസ്പരം പ്രേമിക്കുന്നുവെന്ന് ഭാവിക്കുകയോ പോലും ചെയ്തിട്ടില്ലെന്ന് രണ്ടു പേരും സമ്മതിക്കുന്നു. പിന്നെങ്ങിനെ രണ്ടു പേരും ഇങ്ങനെ ഒരു ബന്ധത്തിന്‍ തുടക്കമായെന്ന് വായനക്കാരില്‍ സംശയം ജനിപ്പിക്കും. എന്നാല്‍ സംശയത്തിന് സ്ഥാനമേയില്ല. രണ്ടു പേരുടേയും സുഹൃത്തുക്കള്‍ വഴിതന്നെയാണ് പതിവ് ഗോസിപ്പ് പോലെ പരസ്പരമറിഞ്ഞത്.  
രഘുരാമന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഷൈനിപ്പ് എന്ന് ചുരുക്കത്തില്‍ വിളിക്കുന്ന ലോലപ്പന്‍ പറഞ്ഞത് അവര്‍ രണ്ടുപേരും ആദ്യമായി കാണുമ്പോള്‍ ഞാനും കൂടെ ഉണ്ടായിരുന്നു എന്നാണ്.
അന്ന് രണ്ടു പേരും ചിരിച്ചതു പോലുമില്ല. പിന്നെ ഞാന്‍ സൌകര്യത്തില്‍ മാറിയപ്പോള്‍ രണ്ടു പേരും കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും (ഷൈനിപ്പ് ആഗ്രഹിച്ചെന്ന് സാരം) ഒന്നും നടന്നില്ല. മര്യാദയ്ക്ക് രണ്ട് കൊച്ചു വര്‍ത്തമാനം പോലും ചെയ്തില്ല. കൊച്ചു പുസ്തകം വായിച്ച് മാത്രം ശിലമുള്ള്  ലോലപ്പന്‍ പല ആഗ്രഹങ്ങളുമുണ്ടായിരുന്നു അവരുടെ ആദ്യ സമാഗമത്തിന് എന്നിട്ടും സ്നേഹമുദ്രകള്‍ കണ്ണുകള്‍ കൊണ്ടും കാലുകള്‍കൊണ്ട് കളം വരച്ചും അവര്‍ ആദ്യ സംഗമം അവിസ്മരണീയവുമാക്കിത്തീര്‍ത്തു എന്നാണ് പാര്‍ട്ടി സഖാക്കളോടും അതു പോലെ സിറ്റി ചാനലുകാരോടും വീരവാദം പോലെ ഷൈനിപ്പ് പറഞ്ഞിരുന്നത്. ഗോസിപ്പുകള്‍ ഉണ്ടാക്കുകയും അത് വിശ്വസനീയമായി പറഞ്ഞു ഫലിപ്പിക്കുകയും ചെയ്യുക എന്നുള്ളത് ലോലപ്പന്‍ രെ സ്ഥിരം സ്വഭാവമാണ്. അത് കൊണ്ട് തന്നെ ചാനലുകള്‍ എപ്പോഴും അയാള്‍ക്ക് പിന്നാലെ തന്നെയുണ്ടെന്നതിന് വേറെ തെളിവുകള്‍ ഒന്നും വേണ്ടല്ലൊ.

പ്രണയത്തെ പറ്റി രഘുരമന്‍ പറഞ്ഞത്:
കോളജിലൊന്നും പഠിച്ചില്ലെങ്കിലും എനിക്ക് അറിയാമായിരുന്നു ആക്രാന്തം കാട്ടരുതെന്ന്. പണ്ടേ എനിക്ക് ഒരു സ്റ്റാര്‍ട്ടിങ്ങ് ട്രബില്‍ ഉള്ളതാ. ആദ്യമൊക്കെ എനിക്ക് പെണ്‍ കുട്ടികളെ കാണുമ്പോള്‍ മുട്ട് വിറക്കുകയും വിയര്‍ക്കുകയും ചെയ്യുമായിരുനു. ഒരിക്കല്‍ വിക്രാനന്തപുരം ക്ഷേത്രത്തില്‍ തെയ്യം കാ‍ണുന്നതിനായ് അമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ ഒരു പെണ്‍കുട്ടി വളരെ നേരം നോക്കി നില്‍ക്കുകയും അത് തന്നെ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് രാത്രിയില്‍ പനിയുണ്ടാവുകയും ചെയ്തു. ആ സംഭവത്തിന്‍ ശേഷം പിന്നെയും കുറേ നാളുകള്‍ പനിക്കുകയും ഇടയ്ക്ക് ഉറക്കത്തില്‍ ഞെട്ടുകയും പതിവായിരുന്നു. എന്നാല്‍ വീടിനടുത്ത് പുതിയ് താമസക്കാര്‍ വന്നപ്പോള്‍ ജനാല വഴിയുള്ള നോട്ടത്തില്‍ ക്രമേണ വിറയലു വിക്കലും മാറുകയും  ചെയ്തിരുന്നു. അതിന്റെ പരിണിതഫലം അയല്പക്കത്തെ സുന്ദരി രാത്രി ഉറക്കം തന്നതേ ഇല്ല. സിനിമാ നടന്‍ കലാഭവന്‍ മണിയുടെ ‘ആക്രാന്തം കാട്ടേണ്ട വിളമ്പിത്തരാം’. എന്ന പാട്ടും, പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന പഴ മൊഴിയുമാണ് രക്ഷയ്ക്കെത്താറുള്ളത്. അതു കൊണ്ടെന്താ ഈ സംഭവത്തോടെ പെണ്‍കുട്ടികളോടിഴപഴകാന്‍ ഒരു ധൈര്യം ഉണ്ടാവുകയും അത് പിന്നീടൊരു ഉള്‍ക്കരുത്താവുകയും ചെയ്തു. . 

ഇങ്ങനെയൊന്നുമായിരിന്നില്ല  സുഗന്ധി പറഞ്ഞത്‌:
ഒരു പെണ്ണ് എങ്ങിനെ ആയിരിക്കണം എന്ന് ഞാന്‍ ആദ്യം പഠിച്ചത് അമ്മയില്‍ നിന്ന് തന്നെയാണ്‍. ഒരു പൊതു പ്രവത്തക കൂടിയായ എനിക്ക് പല കാര്യ് ങ്ങളിലും മിതത്വം പാലിക്കേണ്ടതുണ്ട്. മറ്റ് കാമുകീ കാമുകന്‍ മാര്‍ ചെയ്യുമ്പോലെ എസ്സ് എം എസ്സ് അയക്കുവാനോ ഫോണ്‍ ചെയ്യുവാനോ ഒന്നും എനിക്ക് സാധിക്കുമായിരുന്നില്ല. ആദ്യ കൂടിക്കാഴ്ചയില്‍ ഇന്നത്തെ കുട്ടികള്‍ ചെയ്യുമ്പോലെ കെട്ടിപ്പിടിക്കുകയൊ ഉമ്മ വയ്ക്കുകയൊ ചെയ്യുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ അസഹ്യമാണ്‍.  അതു കൊണ്ടു തന്നെ എത്രയൊക്കെ ആഗ്രഹമുണ്ടായിട്ടും പൊതു പ്രവര്‍ത്തക യുടെ ഒരു മുഖം മൂടി എനിക്ക് വല്ലാത്ത സുരക്ഷിതത്വവും മാന്യതയും നല്‍കും എന്നെനിക്കറിയാമായിരുന്നു.

കണ്ണുകളിലേക്ക് നോക്കി സംസാരിക്കണമെന്ന് ആദ്യമായി പ്രസംഗം പഠിപ്പിച്ച സഖാവ് എന്നെ ഉപദേശിക്കുമായിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍  കൂടെ ഉണ്ടായിരുന്ന എന്നെക്കാളും സുന്ദരികളല്ലാത്ത പെണ്‍കുട്ടികള്‍ക്ക് പലപ്പോഴായി പ്രേമലേഖനം കിട്ടുന്നതും അത് വായിച്ച് അവരൊക്കെ കരയുകയും ചിരിക്കുകയും പിന്നെ നെടുവീര്‍പ്പിടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊന്ന് തനിക്കും ഇന്ന് കിട്ടും നാളെ കിട്ടുമെന്ന് സ്വപ്നം കണ്ട് നടക്കാന്‍ മാത്രമേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. പ്രതിപക്ഷ യൂനിയനിലെ കൊച്ചു തോമയെക്കുറിച്ച് ഒരു പാട് സ്വപനങ്ങള്‍ കാണുമായിരുന്നു. സുഗന്ധീ ഒന്ന് നില്‍ക്കൂന്ന് എത്രയോ തവണ കൊച്ചു തോമ പറയുന്നതായ് തോന്നിയിട്ട് എത്ര തവണ തിരിഞ്ഞ് നോക്കിയിരിക്കുന്നു.   തിരഞ്ഞെടുപ്പ് വേളകളില്‍ കൊച്ചു തോമയെ ‘തോമാശ്ലീഹ യെന്നും മരങ്ങോടന്‍ എന്നും കളിയാക്കി വിളിക്കുമ്പോഴും ആരാധനയും സ്നേഹവും  മനസ്സില്‍ കൊണ്ട് നടന്നു.  

കറകളഞ്ഞ ഒരു നേതാവാകാന്‍ ചിരിച്ചും കഥ പറഞ്ഞും ഞാന്‍ മുഴുവന്‍ സഖാക്കളോടും  മറ്റ് വിദ്യാര്‍ത്ഥി സുഹൃത്തുക്കളോടും കണ്ണുകളിലേക്ക് നോക്കി സംസാരിക്കാന്‍ പഠിക്കുകായിരുന്നു. അതിനിടയില്‍ സ്വന്തം വികാരങ്ങള്‍ പങ്കുവയ്ക്കാന്‍ എവിടെ സമയം..സത്യത്തില്‍ അതിപ്പോഴും തുടര്‍ന്നു കൊണ്ടു പോകുന്ന ഒരു പ്രക്രീയയാണ്.
ഒരു മഴക്കാല രാത്രിയില്‍ പ്രസംഗം കഴിഞ്ഞ് വരുമ്പോള്‍ കോരിച്ചൊരിയുന്ന മഴ
വണ്ടിയൊന്നും അന്ന് കൊച്ച് തോമയ്ക്ക് ഉണ്ടായിരുന്നില്ല്.  ദാ കൊടയും ചൂടി കൊച്ചു തോമവരുന്നു ഇനിയും വൈകിയാല്‍ ഇരുട്ടാകും ഒറ്റയ്ക്ക് പോവുകയെന്നത് സ്വപ്നമാവുക മാത്രമേ ഉള്ളൂ. അതു കൊണ്ട് തന്നെ കൊച്ചു തോമ വിളിച്ചപ്പോള്‍ ഓടിക്കയറുകയായിരുന്നു. കൊച്ചു തോമയുടെ കുടയിലേക്ക്  ഒരു കുടക്കീഴില്‍ അകലം സൂക്ഷിക്കാന്‍ എന്റെ പൊതുപ്രവര്‍ത്തനം എന്നെ നിര്‍ബന്ധിതയാക്കി. അന്നത്തെ മനസ്സിലെ പ്രേമത്തിന്റെ ചൂട് ചിലപ്പോഴെങ്കിലും കവല പ്രസംഗത്തില്‍ പ്രതിധ്വനിക്കാറുമുണ്ട്. എന്നിട്ടും മനസ്സിലെ പ്രണയം പൂവണിഞ്ഞൊന്നുമില്ല. വെറുമൊരു ഫാക്ചേഷന്‍ മാത്രം. അത് കഴിഞ്ഞ് എത്രയോ നാളുകള്‍ക്ക് ശേഷമാണ് രഘുരാമനെ കണ്ടുമുട്ടുന്നത്.

രണ്ടു പേരും പറഞ്ഞതില്‍ നിന്ന് വായനക്കാരായ നമുക്ക് ചില കാര്യങ്ങള്‍ അനുമാനിച്ചെടുക്കാം.
രഘുരാമന്‍ പക്വതയോടെ സംസാരിക്കുമെങ്കിലും ഭീരുത്വമുള്ള മനസ്സാണ് എന്നാല്‍ ഒരേ സമയം നിഷ്കളങ്കനുമാണ്.
രാഷ്ട്രീയ നേതാക്കന്‍മാരെ അനുകരിച്ചെന്നോണം സുഗന്ധി മുഖം മൂടിവച്ച് സംസാരിക്കുന്നവളും സ്നേഹിക്കാനും ഒരേസമയം സ്നേഹിക്കപ്പെടാനും കൊതിക്കുന്ന നിഷ്കളങ്കയായ ഒരു സാധാരണ സ്ത്രീയുമാണ്.  

അതു കൊണ്ടു തന്നെ ഇവര്‍ ഒരേ തോണിയില്‍ സഞ്ചരിക്കേണ്ടവ്വര്‍ തന്നെ.
സുഗന്ധിയുടേത് പൊതു പ്രവര്‍ത്തനമാണെന്ന് നമുക്ക് വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം എന്നാല്‍ ഏതെങ്കിലും കക്ഷിയുടെ നേതാവാണെന്ന് ഒരിക്കലും സുഗന്ധി പറഞ്ഞിട്ടില്ല. മാത്രവുമല്ല സ്ഥാനമാനങ്ങളെ കുറിച്ചും പറഞ്ഞിട്ടില്ല. എന്നാല്‍ രഘുരാമനാകട്ടെ അയാളുടെ ജോലിയെ ക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. കോളജില്‍ പോയിട്ടില്ലെന്ന് മാത്രം പറഞ്ഞ് ഒരു ഇന്‍ഫീരിയോരിടി കോപ്ലക്സ് ജനിപ്പിക്കുകയും ചെയ്തു.. അതൊന്നും സുഗന്ധിക്ക് വിഷയമല്ലെന്നും രഘുരാമന്റെ വീട്ടില്‍ ഈ സംഗമത്തിന്‍ പരിസമാപ്തി കുറിക്കാന്‍ എന്തു വഴി എന്നും മാത്രമാണ് സുഗന്ധി ചിന്തിക്കുന്നത്. 
രഘുരാമനെ കുറിച്ച് സുഗന്ധി പറയുന്നതെങ്ങിനെയെന്ന് നോക്കാം.
രഘുരാമന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതവല്ല എന്നാല്‍ അയാളുടെ രൂപം താന്‍ പണ്ട് കോളജില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കണ്ട സിനിമയിലെ നായകനെ പോലെ തന്നെയാണെന്ന് സുഗന്ധി തറപ്പിച്ച് പറയും .അതു കൊണ്ടു തന്നെ ഇല്ലായ്മയുടെ കോപ്ലക്സിനെക്കാള്‍ സുഗന്ധി തന്നെ ഇഷ്ടപ്പെടുമോന്നുള്ള ഒരു തരം അരാഷ്ട്രീയ വാദമാണ് അദ്ദേഹത്തിനുള്ളത്. അതൊക്കെയും കല്യാണത്തിന്‍ ശേഷം മാറ്റിയെടുക്കാം എന്ന് സുഗന്ധിക്ക് നല്ല വിശ്വാസമുണ്ട്.  തന്റെ പ്രസംഗത്തില്‍, വാക്കുകളില്‍ വീഴാത്ത ജനമോ.(പറഞ്ഞു കൊണ്ടിരിക്കെ സുഗന്ധി മുടിയൊന്നൊതുക്കി കണ്ണുകള്‍ കൊണ്ടൊന്ന് കടാക്ഷിച്ച്, മൃദുവായൊന്ന് ചിരിച്ചു). അവളുടെ വാക്ക്ധോരണിയെ രഘുരാമന്‍ കുറച്ച് പേടി ഉണ്ടോന്ന് സുഗന്ധിക്ക് സംശയവും ഇല്ലാതില്ല. . എപ്പോഴെങ്കിലും എവിടെയെങ്കിലും അയാളെ സൂക്ഷിച്ച് നോക്കിയാല്‍ മതി അപ്പോള്‍ മുതല്‍ അയാള്‍ വിയര്‍ക്കാന്‍ തുടങ്ങും. തീര്‍ത്തും നിരാലംബനായ്. അതു കൊണ്ട് തന്നെയാണയാള്‍ മറ്റുള്ളവരുടെ ചില തെറ്റുകള്‍ കാണുമ്പോള്‍ പോലും വിനയാന്വിതനായ് നിലകൊള്ളുന്നത്. ഒരു തെറ്റുതിരുത്തലിനും രഘുരാമന്‍ തലകൊടുക്കില്ല.   അങ്ങിനെയൊക്കെയാണെങ്കിലും കല്യാണത്തെ കുറിച്ച് അച്ഛനോടും അമ്മയോടും പറയാതെ എങ്ങിനെ ജീവിക്കും എന്നുള്ളത് സുഗന്ധിയുടെ സന്ദേഹങ്ങളിലൊന്നാണ്. ഇത് മനസ്സിലാക്കിയിട്ടെന്നോണം
സുഗന്ധിയുടെ ഈ സന്ദേഹത്തോട് രഘുരാമന്റെ പ്രതികരണം :
സുഗന്ധിയുടെ സന്ദേഹങ്ങള്‍ രഘുരാമനെ ഒരുതരത്തിലും ബാധിക്കുന്നില്ല.  സുഗന്ധിയും രഘുരാമനും തമ്മിലുള്ള കല്യാണം വീട്ടുകാര്‍ തന്നെ നടത്തി തരും  തരണം. എന്നും അതിന് വേണ്ടി എന്തു കുരുട്ടു ബുദ്ധി ഉപയോഗിച്ചാലും വേണ്ടില്ല. അതിനൊക്കെ വേണ്ടി തന്നെയാണല്ലോ സുഹൃത്തുക്കളെന്ന പേരില്‍ ഷൈനിപ്പ് ലോലപ്പനും  മറ്റ് സുഹൃത്ത് സംഘങ്ങളേയും പലപ്പോഴായ് കള്ളും ഇറച്ചിയൂം കൊടുത്ത് കൂടെ കൊണ്ട് നടക്കുന്നത്. 

ചെറിയ ഒരു പ്രശ്നനത്തിലൂടെ സുഗന്ധിയുമായുള്ള വിവാഹം നടത്തിയെടുക്കാമെന്നാണ് രഘുരാമന്‍ കരുതുന്നത്. അതിന്റെ മുന്നോടിയായ് വീട്ടില്‍ ഈ വിഷയമൊന്ന് അവതരിപ്പിക്കണം, ഇതുവരെ ഇത്തരം ബന്ധങ്ങളെ കുറിച്ചൊന്നും അച്ഛനോട് സംസാരിച്ചേട്ടേയില്ല എന്ന് മാത്രമല്ല് പറഞ്ഞാല്‍ അച്ഛന് ഇതൊരു ഷോക്കാകാനും മതി. മക്കളില്‍ നിന്ന് ഉയര്‍ന്ന പെരുമാറ്റവും പക്വതയുമാണ് അച്ഛന്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ അത്തരത്തിലൊന്ന് കൊടുക്കാന്‍പറ്റിയിട്ടില്ല.
ചെറിയ കുരുത്തകേടിനു പോലും ഈ പ്രായത്തിലും അച്ഛന്‍ തന്നെ തല്ലാന്‍ മടിക്കില്ലെന്ന് രഘുരാമന്‍ അറിയാം. അതു കൊണ്ട് തന്നെ നേരെ കേറിച്ചെന്ന് അച്ഛനോട് സുഗന്ധിയുമായുള്ള ബന്ധത്തെ കുറിച്ച് നേരിട്ട് അവതരിപ്പിക്കുന്നത് ഒട്ടും ശരിയല്ല. എന്തായാലും അറിയിച്ചല്ലേ മതിയാകൂ. സുഹൃത്തുക്കളില്‍ പലരുടേയും അച്ഛനും അമ്മയും അവരുടെ ജീവിതത്തെ തിരിഞ്ഞ് പോലും നോക്കാത്തവരാണ് എന്നാല്‍ രഘുരാമന്‍റെ അച്ഛനും അമ്മയും ഏത് കാര്യത്തിലും രഘുരാമന്‍റെ കൂടെ ഉണ്ടായിരുന്നിട്ടും ഉപയോഗപ്പെടുത്തുന്നതില്‍ തുടരെ തുടരെ രഘുരാമന്‍ പരാജയപ്പെടുന്നു എന്നത് അദ്ദേഹം തന്നെ സമ്മതിക്കും. സൌഹൃദമെന്നാല്‍ എല്ലാറ്റിനും മീതെയാണെന്നും അത് ആരെയും തള്ളീപ്പറയാന്‍ പ്രേരിപ്പിക്കുമെന്നും രഘുരാമനെ ആരോ തെറ്റിദ്ധരിപ്പിച്ചതു മൂലമാണെന്ന് രഘുരാമന്‍ പിന്നീട് തിരിച്ചറിയുന്നുണ്ട്. കുടുംബത്തിന് അതിന്റെ സാംസ്കാരികവും സാമുഹ്യവുമായ ഉന്നമനം കൊടുക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ട് മാ‍ത്രം കാര്യമില്ലെന്നും കൃത്യസമയത്ത് തിരിച്ചറിവിന്റെ ഒരു കുഞ്ഞു പ്രകാശമെങ്കിലും ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന സത്യം കാലങ്ങള്‍ക്ക് ശേഷം രഘുരാമന്‍ മനസ്സിലാക്കുന്നു.

ലിവിങ്ങ് ടുഗദര്‍ എന്ന പുതിയ സ്റ്റാറ്റസ് സിംബലില്‍ ജീവിക്കാമെന്ന് രഘുരാമനും സുഗന്ധിയും  തീരുമാനമെടുത്തു. കല്യാണമെന്ന പാരമ്പര്യ വാദങ്ങള്‍ക്ക് രഘുരാമന്‍ എതിരായതു കൊണ്ടൊന്നുമല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കല്യാണം കഴിക്കുന്നുവെങ്കില്‍ അത് എല്ലാവരുടേയും അനുഗ്രഹത്തോടും ആശിര്‍വാദത്തോടും കൂടി മാത്രം. സ്വന്തം വീട്ടില്‍ വിവാഹത്തെ കുറിച്ച് സംസാരിക്കാനോ തീരുമാനത്തിലെത്താനോ രഘുരാമന് സാധിച്ചില്ല. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ പരിമിതികളില്‍ നിന്ന് കൊണ്ട് സുഗന്ധിയും ആ കാര്യത്തില്‍ ഒരു പരാജയമായി.  ലിവിങ്ങ് ടുഗദര്‍ എന്ന സ്റ്റാറ്റ്സ് സിംബല്‍ തനിക്ക് ചീത്തപ്പേരുണ്ടാക്കുമെന്ന് ഒരു ഘട്ടം വരെ സുഗന്ധി വാദിച്ചെങ്കിലും എങ്കില്‍ ഈ ആയുസ്സില്‍ കല്യാണം നടക്കുമെന്ന് തോന്നുന്നില്ലെന്ന സുഹൃത്തുക്കളുടെ ഉപദേശമാണ് സുഗന്ധിയും ഉള്‍കൊണ്ടത്. അപ്പോഴും എവിടെ താമസിക്കുമെന്ന വലീയ ചോദ്യം അവര്‍ക്ക് മുമ്പിലുണ്ടായിരുന്നു. സ്വാഭാവികമായും വീട്ടില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. അത് അംഗീകരിച്ചേ മതിയാവൂ. പ്രണയവും ഒന്നിച്ചുള്ള താമസവും ഒരു പൊട്ടിത്തെറി ഉണ്ടാവുക സ്വാഭാവികം. അതൊക്കെ ഒന്നാറി തണുക്കും വരെ എവിടെയെങ്കിലും താമസിച്ചല്ലേ മതിയാവൂ അതൊക്കെ കെട്ടടങ്ങും എന്ന് തന്നെ നമുക്ക് പരസ്പരം വിശ്വസിക്കാം എന്ന് രഘുരാമനെ സുഗന്ധിയും  സുഗന്ധിയെ രഘുരാമനും ആശ്വസിപ്പിച്ചു.  സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ഒരു തീയ്യതി കുറിക്കുകയും ചെയ്തു. തീയ്യതി കുറിച്ചത് ഒരു രജിസ്റ്റര്‍ കല്യാണത്തിനൊ ഒന്നുമല്ല. ഒന്നിച്ച് താമസിക്കുന്നതിനും നാളെ മുതല്‍ പുതിയ ജീവിതം തുടങ്ങുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കും സുഗന്ധിയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ള ഒരു അറിയിപ്പ് പോലെ മാത്രം.  അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ അനാശാസ്യത്തിന് പോലീസ് പിടിച്ചാലോന്ന് രണ്ടു പേരും ഭയപ്പെടുക തന്നെ ചെയ്തിരുന്നു. അങ്ങിനെ വന്നാല്‍ രാഷ്ട്രീയ ഭാവി പൊതുപ്രവര്‍ത്തനം.. എന്തൊക്കെ പൊല്ലാ‍പ്പുകള്‍

പിറ്റേന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയുമായാണ് പരിയാരം പഞ്ചയാത്ത് ഉണര്‍ന്നത്.  മക്കളെ കൂടുതല്‍ സ്നേഹിക്കുന്ന രഘുരാമന്റെ അച്ഛനും അമ്മയും ഒരു കത്തെഴുതി വച്ച് നാട് വിട്ടിരിക്കുന്നു.
കത്തില്‍  രഘുരാമന്റെ അമ്മ പറയുന്നതിങ്ങനെ:
ഇതൊന്നും രഘുവിന്റെ തീരുമാനമാകാന്‍ വഴിയില്ല. എല്ലാം ആ ലോലപ്പന്‍റെ കുബുദ്ധിയാ..അച്ഛന്റെയും അമ്മയുടെ സ്നേഹത്തെകുറിച്ചോ ബന്ധത്തെ കുറിച്ചോ ലോലപ്പന്‍ എന്തറിയാം. നാട്ടില്‍ മുഴുവന്‍ കേറി ഇറങ്ങി കള്ളും കുടിച്ച് നടക്കുന്നവനാണ് ലോലപ്പന്‍റെ അച്ഛന്‍.. തന്തയുടെ സ്വഭാവമല്ലേ മോനുംകണ്ടവന്റേ തിണ്ണ നിരങ്ങുകയും മൊതല്‍ കക്കുകയും മാന്യന്‍ ചമഞ്ഞ് നടക്കുകയും ചെയ്യുന്നോന്‍ എന്റെ മോനേ വീട്ടി നിന്നകറ്റി. സാധുവി സാധുവായ ന്റെ രഘൂനെ പറ്റിക്കാന്‍ വേണ്ടി തന്നെയാണ് സുഗന്ധിയുമായ് അടുപ്പിച്ചത് അവനെ പോലെ സകല തിണ്ണകളും നിരങ്ങുന്ന തിണ്ണ നിരങ്ങികളുടെ ഒരു സമൂഹമുണ്ടാക്കാന്‍ ന്റെ രഘൂനെ കരുവാക്കി..ന്നല്ലേ പറയേണ്ടൂഎങ്കിലല്ലേ എല്ലാരും കണക്കാണെന്നോ നമ്മളൊക്കെ ഒറ്റ സമൂഹത്തിലെ ആള്‍ക്കാരല്ലേന്ന് അവനും പറയാന്‍ പറ്റൂ.  അവന്റെ അച്ഛനും അമ്മയും പോറ്റും പോലെയൊന്നുമല്ല ഞാനെന്റെ രഘൂനെ പോറ്റിയത് അറിയോ..എന്നാലും അടുക്കള നിരങ്ങികളുടെ വാക്കുകള്‍ക്കല്ലേ രഘുരാമന്‍ വിലകൊടുത്തത്.. പിന്നെ ഇനി ഞങ്ങളെന്തിന്.
രഘുവിന്റെ അച്ഛന്‍ മൌനം കൊണ്ട് പ്രതിഷേധകൊടുങ്കാറ്റുയര്‍ത്തി.

രണ്ടാമത്തെ കത്തില്‍ രഘുവിന്റെ അച്ഛന്‍ ഇങ്ങനെ എഴുതി:
രഘുരാമനെ ഞാന്‍ വളര്‍ത്തിയതും പഠിപ്പിച്ചതും അവന്റെ നല്ല് ഭാവിക്ക് വേണ്ടി തന്നെയായിരുന്നു. അവന്‍ എന്തെങ്കിലും അധ്വാനിച്ച് വീട്ടില്‍ കൊണ്ട് വന്ന് എന്നെ വയസ്സു കാലത്ത് പോറ്റും എന്ന മിഥ്യാധാരണയൊന്നും എനിക്കില്ലായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ സ്നേഹംകൊടുത്താ അവന്റെ അമ്മയും ഞാനും വളര്‍ത്തിയത്.  അവന്‍ ആരോടെങ്കിലും ഒരു  ബന്ധമുണ്ടായെങ്കില്‍ എന്തു കൊണ്ട് അത് ആദ്യം ഞങ്ങളുടെ അടുത്ത് അവതരിപ്പിച്ചില്ല. സത്യത്തില്‍ അങ്ങിനെ അല്ലേ വേണ്ടത്. അതല്ലേ ന്യായം.. ഞങ്ങള്‍ എന്ത് മറുപടി പറഞ്ഞാലും അത് കേള്‍ക്കാനും അനുസരിക്കാനും ഞങ്ങളുടെ മോനെന്ന നിലയില്‍ അവന്‍ ബാധ്യസ്ഥനല്ലേ.. എന്നിട്ടിപ്പോ രഘുരാമന്‍ തീരുമാനമെടുത്തിരിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ വച്ച് കല്യാണം കഴിക്കാമെന്ന്.. എന്തൊരു ധിക്കാരമാണത്ഞങ്ങളുടേ സ്നേഹത്തിന് വിലയിടുകയല്ലെ അവന്‍ ചെയ്തത്

അവസാനത്തെ കത്തില്‍ അച്ഛനും അമ്മയും കൂടി എഴുതിയത് ഇങ്ങനെ:
ഞങ്ങ നിന്നെ പെറ്റ് പോറ്റി വളര്‍ത്തി, വിദ്യാഭ്യാസം നല്‍കി. ഇതിനൊക്കെ ഞങ്ങളുടെ ജീവനും ചോരയും നീരും നിനക്കായ് ഞങ്ങള്‍ ചിലവഴിച്ചു. ഒന്നും പ്രതീക്ഷിച്ചിട്ടൊന്നുമല്ല. എന്നാലും സ്നേഹം അത് മാത്രമേ ഞങ്ങള്‍ പ്രതീക്ഷിച്ചുള്ളൂ

പുതിയ തീരുമാനമെടുത്ത നിന്നെ ഒന്നി നിന്നും ഞങ്ങള്‍ തടയുന്നില്ല. ഞങ്ങളെ ഇനി നിനക്ക് ആവശ്യമില്ലല്ലോ. നിന്റെ വിചാരങ്ങള്‍ ഞങ്ങളുടേത് കൂടിയാണെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചു. നിന്റെ ഇഷ്ടങ്ങ ഞങ്ങളുടേത് കൂടിയാണെന്ന് ഞങ്ങ വിധിയെഴുതിയിരുന്നു.  ഒക്കെയും തെറ്റാ‍യിരുന്നു. നിനക്ക് വേണ്ടാത്ത ഞങ്ങളെന്തിന് ഈ വീട്ടില്‍ താമസിക്കണം. ഞങ്ങളുടെ കുട്ടിയായ നീ ഒരു പാട് വളര്‍ന്നിരിക്കുന്നു. ഇനി നിങ്ങ രണ്ടാളും  ഈ വീട്ടില്‍ താമസിച്ചോളൂ.. നിങ്ങക്കിനി എന്നെങ്കിലും ഒരു കുട്ടി ജനിക്കുന്ന ആ ദിവസം ഞങ്ങള്‍ വരും. കാരണം അച്ഛനും അമ്മയ്ക്കും മക്കളെ എന്നും കുട്ടികളായ് കാണാനാ ഇഷ്ടം. ഒരു പാടൊന്നും രഘൂ..നിന്നോട് ഞങ്ങള്‍ക്ക് പറയാനില്ല. പറയേണ്ടതെല്ലാം നിന്റെ കുഞ്ഞ് വലുതാകുമ്പോള്‍ നിനക്ക് ബോധ്യമായിക്കൊള്ളും. മറ്റൊരു കാര്യം ഞങ്ങളെ അന്വേഷിക്കരുത്. അതിനായ് നീ നിന്റെ സമയവും പണവും ചിലവഴിക്കുകയെ വേണ്ട.

കത്തുകള്‍ വായിച്ച് രഘുരാമന്‍ എന്ത് ചെയ്യണമെന്നറിയാതെ സുഗന്ധിയെ നോക്കി. സുഗന്ധി കരച്ചിലിന്റെ വക്കിലായിരുന്നു. പിന്നെ ലോലപ്പനേയും അതു പോലെ തന്റെ കീശയുടെ വലുപ്പം നോക്കി കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളെയും രഘുരാമന്‍ ദയനീയമായി നോക്കി.

ലോലപ്പന്‍ അപ്പോ പറഞ്ഞത് :
ഇനി നിങ്ങള്‍ക്ക് സുഖമായി താമസിക്കാലോആരുടേയും പഴിയും കിട്ടില്ല. സ്വന്തം വീട്ടില്‍ താമസിക്കാം.. ഒരു ശല്യോം. . ഇല്ല.ആകെ പ്രശനമായി ഉണ്ടായിരുന്നത് അച്ഛനും അമ്മയും .. ഇനി അവരെ പേടിക്കേണ്ടല്ലോ. രഘൂരാമാ നീ ഒരു ഭാഗ്യവാന്‍ തന്നെ
രഘുരാമന് പിന്നെ ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല :
പോയിനെടാ നായിന്റെ മക്കളെ..കുടുംബത്തി പിറക്കാത്തവന്മാര് അച്ഛന്റേയും അമ്മയുടേയും സ്നേഹം തിരിച്ചറിയോത്തോന്മാര്‍.. ഒരുത്തനേയും എനിക്ക് കാണേണ്ട. സുഹൃത്തുക്ക.. ..പ്ഫൂ....
രഘുരാമനവരെ ആട്ടിപ്പുറത്താക്കി ഗേറ്റടച്ചു.

അച്ഛന്റെയും അമ്മയുടെ ആഗ്രഹപ്രകാരം സുഗന്ധിയും രഘുരാമനും ആ വീട്ടില്‍ തന്നെ താമസം ആരംഭിച്ചു.  വീടിന് പുതിയൊരു പേരും നല്‍കി. ഡിഗോ ഗാര്‍ഷ്യ.
അങ്ങിനെ തന്നെ ആയിരുന്നു. തീര്‍ത്തും ഒറ്റയ്ക്കായ് പോയ ഒരുദ്വീപ്...
രഘുരാമന്‍ ആദ്യമൊക്കെ അച്ഛനും അമ്മയും തിരിച്ച് വന്നിട്ടേ ദമ്പതികളായി ജീവിക്കൂ എന്ന് തീരുമാനമെടുത്തെങ്കിലും പിന്നീട് അത് തിരുത്തി. സുഗന്ധി നല്ലൊരു വീട്ടമ്മയായ്.  രഘുനാഥന്റെ അമ്മയുടേയും അച്ഛന്റെയും നാടുവിടല്‍ ലോലപ്പനെ പോലുള്ളവരെ വച്ച് ചാനല്‍ ചര്‍ച്ചകളില്‍ ഒരാഴ്ചയോളം വാര്‍ത്താപ്രധാന്യം നേടി. ചാനലുകാര്‍ പിന്നെ പുതിയ രഘുരാമന്മാരെ അന്വേഷിച്ച് റിപ്പോര്‍ട്ടര്‍ മാരെ പുതിയ മേച്ചില്‍ പുറങ്ങളിലേക്കയച്ചു.
അപ്പോഴേക്കും രഘുരാമന്‍ വീട്ടിന്‍ മുമ്പില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
‘സുഗന്ധി ഗര്‍ഭിണിയാണ്‘
ഇതേ ബോര്‍ഡ് തന്നെ ഫെയ്സ്ബുക്കിലെ വാളിലും പ്രദര്‍ശിപ്പിച്ചു. നിരവധി ആശംസകള്‍ ദിവസവും വന്നു കൊണ്ടിരിക്കുന്ന്നു. എന്നിട്ടും രഘുരാമന്‍ പ്രതീക്ഷിച്ച സന്ദേശം ഇതുവരെ എത്തിയിട്ടില്ല. ഇതെന്താ രഘുവേട്ടാ ഇങ്ങനെ എന്നൊന്നും സുഗന്ധി ചോദിച്ചില്ല. കാരണം സുഗന്ധിയും രഘുരാമന്റെ അച്ഛനെയും അമ്മയേയും കാത്തിരിക്കുകയാണ്. 

1 comment:

  1. കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പീകമാണ്. എങ്കിലും സാദൃശ്യം തോന്നിയെങ്കില്‍ സ്വാഭാവികം മാത്രം..

    ReplyDelete